Drisya TV | Malayalam News

ഉത്തർപ്രദേശിൽ 17 മരങ്ങൾ അനധികൃതമായി മുറിച്ചുമാറ്റിയ കേസിൽ ഫാം ഹൗസ് ഉടമയ്ക്ക് 17 ലക്ഷം രൂപയുടെ പിഴ ചുമത്തി സുപ്രീം കോടതി

 Web Desk    5 Apr 2025

ആഗ്രയിലെ താജ് മഹലിന് സമീപപ്രദേശത്തെ മരങ്ങൾ സ്വകാര്യ ഫാം ഹൗസ് ഉടമ നിയമാനുമതിയില്ലാതെ മുറിച്ചുമാറ്റിയതാണ് കേസ്. മുറിച്ചുമാറ്റിയ 17 മരങ്ങൾക്ക് പകരമായി 20 ഇരട്ടി മരങ്ങളുടെ തൈകൾ നടാനായി ഫാം ഹൗസ് അധികൃതർ 0.3 ഏക്കർ ഭൂമി വനം വകുപ്പിന് കൈമാറണമെന്ന് കോടതി വിധിച്ചതായി ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

പൊതുതാത്പര്യഹർജി പരിഗണിച്ച് ജസ്റ്റിസ് അഭൈ എസ് ഓക, ഉജ്ജൽ എസ് ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് വ്യാഴാഴ്ച കേസിൽ വിധി പറഞ്ഞത്. നടുന്ന പുതിയ തൈകളുടെ അടുത്ത 10 വർഷത്തെ പരിപാലനവും ഫാം ഹൗസ് അധികൃതരുടെ ചുമതലയായിരിക്കും. 340 മരങ്ങൾ നടാനുള്ള ഭൂമിയാണ് ഫാം ഹൗസ് ഉടമ നൽകേണ്ടത്. 2024 ഒക്ടോബറിൽ ആര്യവേപ്പുൾപ്പടെയുള്ള വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ ഫാം ഹൗസ് ഉടമ മുറിച്ചുമാറ്റുകയായിരുന്നു.

ഈ മേഖലയിലെ 454 മരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിൽ ശിവ ശങ്കർ അഗർവാൾ എന്നയാളിൽ നിന്ന്, ഒരു മരത്തിന് ഒരു ലക്ഷം രൂപ പിഴ ഈടാക്കണമെന്ന സെട്രൽ എംപവേർഡ് കമ്മിറ്റിയുടെ റിപ്പോർട്ട് മാർച്ചിൽ ഇതേ ബെഞ്ച് ശരിവെച്ചിരുന്നു. മരങ്ങൾ മുറിച്ചുമാറ്റിയ സ്ഥലം സന്ദർശിച്ച ശേഷമാണ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. ഇയാൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി റിപ്പോർട്ട് ശരിവെച്ചത്.

  • Share This Article
Drisya TV | Malayalam News