പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്‌ട്രിക് അങ്ങനെ സാധ്യമായ എല്ലാത്തരം ഇന്ധനങ്ങളും ഉപയോഗിച്ച് വാഹനങ്ങൾ നിർമിക്കുന്നവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി.വളരെ കാലം മുമ്പേ തന്നെ ഹൈഡ്രജൻ ഇന്ധനമാക്കി വരെ കാർ പണിതിറക്കിയവരാണ് ഹ്യുണ്ടായി. ഇന്ത്യയിലില്ലെങ്കിലും വിദേശ വിപണിയിൽ നെക്സോ (Nexo Hydrogen Electric Car) എന്ന മോഡൽ വൻഹിറ്റാണ്. ഇന്ധനമെന്ന നിലയിൽ ഹൈഡ്രജൻ വൈദ്യുതിയേക്കാൾ മെച്ചപ്പെട്ടതാണെന്ന് തെളിയിക്കാനും ബ്രാൻഡിനായിട്ടുണ്ട്.
ഇപ്പോഴിതാ നെക്സോയുടെ ഏറ്റവും പുതിയ മോഡലിനെ വിപണിയിൽ അവതരിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണ് കമ്പനി. കഴിഞ്ഞ വർഷം വെളിപ്പെടുത്തിയ ഇനിഷ്യം കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള നെക്സോയുടെ രണ്ടാം തലമുറ ആവർത്തനമാണിത്. ആരേയും കൊതിപ്പിക്കുന്ന ലുക്കിലാണ് ഹൈഡ്രജൻ ഇലക്ട്രിക് കാറിനെ (Hydrogen Electric Car) ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഒരുക്കിയെടുത്തിരിക്കുന്നത്.
ആദ്യതലമുറ വാഹനത്തെ പൂർണമായും പൊളിച്ചെഴുതി വാർത്തെടുത്തിരിക്കുന്ന പുതുതലമുറ നെക്സോ ഹൈഡ്രജൻ ഇലക്ട്രിക് കാറിന്റെ ഡിസൈൻ വിദേശ രാജ്യങ്ങളിൽ കാണുന്ന ആധുനിക ഹ്യുണ്ടായി (Hyundai) കാറുകൾക്ക് സമാനമാണിപ്പോൾ. ഇനിഷ്യം കൺസെപ്‌റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ നെക്‌സോയിൽ വ്യത്യാസങ്ങൾ കണ്ടുപിടിക്കാൻ ആരായാലും ഒന്ന് ബുദ്ധിമുട്ടിയേക്കും.
നെക്സോയുടെ പ്രൊഡക്ഷൻ പതിപ്പ് ഇനീഷ്യം കൺസെപ്റ്റിന് സമാനമായി കാണപ്പെടുമെന്ന് ആരും ഓർത്തിട്ടുകൂടിയുണ്ടാവില്ല. ടോൺഡ് ഡൗൺ അലോയ് വീലുകൾ, റൂഫ് കാരിയർ, ക്വാഡ്-പിക്സൽ എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽ ലൈറ്റ് എന്നിവ ഒഴികെ പ്രൊഡക്ഷൻ-സ്പെക്ക് നെക്‌സോയും ഇനിഷ്യം കൺസെപ്‌റ്റും ഫലത്തിൽ സമാനമാണ്. പുതിയ ഹ്യുണ്ടായ് നെക്‌സോയിൽ ഉപയോഗിച്ചിരിക്കുന്ന 'ആർട്ട് ഓഫ് സ്റ്റീൽ' ഡിസൈൻ ഭാഷ്യമാണ്.
എക്കാലത്തെയും മോശം കാർ ഡിസൈനുകളിലൊന്നായി വാഴ്ത്തപ്പെടുന്ന പോണ്ടിയാക് ആസ്‌ടെക്കിനെ ഓർമിപ്പിക്കുന്നതാണിത്. എങ്കിലും ഹ്യുണ്ടായി നെക്‌സോയിലേക്ക് വരുമ്പോൾ മൊത്തത്തിൽ ഒരു ചേലൊക്കെയുണ്ട്. ഫ്യുച്ചറിസ്റ്റിക്കും പരുക്കനുമായ എസ്‌യുവി ആകർഷണം കാരണം മൊത്തത്തിലുള്ള രൂപം ഒറ്റനോട്ടത്തിൽ കൊള്ളാം. ഡബിൾ ഡാഷ് എൽഇഡി ഡിആർഎൽ, മുന്നിൽ ക്വാഡ് പിക്സൽ എൽഇഡി ലൈറ്റിംഗ്, റഗ്ഗഡ് ഫ്രണ്ട്, റിയർ ബമ്പറുകൾ എന്നിവയെല്ലാം നെക്സോയ്ക്ക് പ്രീമിയം കാർ ഫീൽ സമ്മാനിക്കുന്നുണ്ട്.
വലിയ അലോയ് വീലുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, സോർട്ട-ട്രയാഗിംൾ റിയർ ക്വാർട്ടർ ഗ്ലാസ്, റൂഫ് റെയിലുകൾ, റിയർ വ്യൂ ക്യാമറകൾ, എസ്‌യുവി പ്രൊഫൈൽ, വൃത്താകൃതിയിലുള്ള വീൽ ആർച്ചുകൾ, മറ്റ് ബോഡി ക്ലാഡിംഗ് ഘടകങ്ങൾ എന്നിവ കൂടിയാവുമ്പോൾ ഹ്യുണ്ടായിയുടെ പുതിയ നെക്സോ ഹൈഡ്രജൻ ഇലക്ട്രിക് കാർ മൊത്തത്തിൽ കളറാവുന്നുണ്ട്. ഇന്റീരിയറും ഫ്യൂച്ചറിസ്റ്റിക്കായാണ് ഒരുക്കിയിരിക്കുന്നത്.
മൊത്തത്തിലുള്ള ഡാഷ്‌ബോർഡ് ലേഔട്ട് സാന്താ ഫേയിൽ നിന്നും പാലിസേഡിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതിനാൽ അകത്തളത്തിന് സുപരിചിതമായ രൂപമാണ് സമ്മാനിച്ചിരിക്കുന്നത്. ഇൻഫോടെയ്ൻമെൻ്റും ഇൻസ്ട്രുമെൻ്റേഷനുമായി രണ്ട് 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ, റിയർ വ്യൂ ക്യാമറ ഫീഡിനായി രണ്ട് ഡിസ്‌പ്ലേകൾ, ഡിജിറ്റൽ ഐആർവിഎം, 12 ഇഞ്ച് ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, സ്ലിം ടാബ് ആകൃതിയിലുള്ള ക്ലൈമറ്റ് കൺട്രോൾ സ്‌ക്രീൻ, 14 സ്പീക്കർ ബാംഗ് & ഒലുഫ്‌സെൻ മ്യൂസിക് സിസ്റ്റം എന്നീ ഫീച്ചറുകളാൽ അകത്തളം സമ്പന്നമാണ്.
2.64 kWh ബാറ്ററി പായ്ക്കുമായാണ് ഹ്യുണ്ടായി നെക്സോ ഹൈഡ്രജൻ ഇലക്ട്രിക് കാർ അവതരിച്ചിരിക്കുന്നത്. 201 bhp കരുത്ത് ഉത്പാദിപ്പിക്കാനാവുന്ന ഇലക്ട്രിക് മോട്ടോറുമായാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്. ഒപ്പം ഹൈഡ്രജൻ ഫ്യൂവൽ സെൽ സ്റ്റാക്കും വാഹനത്തിൽ കൊടുത്തിട്ടുണ്ട്. പുതിയ നെക്സോ ഹൈഡ്രജൻ ഇവിക്ക് 6.69 കിലോഗ്രാം ഹൈഡ്രജൻ ടാങ്കാണ് ലഭിക്കുന്നത്.
ഒരു ഫില്ലിംഗിൽ ഹ്യുണ്ടായി നെക്സോ ഹൈഡ്രജൻ ഇലക്ട്രിക് കാറിന് പരമാവധി 700 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യാനാവും. ഇവി റീചാർജ്ജിംഗുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൈഡ്രജൻ നിറയ്ക്കാൻ 5 മിനിറ്റ് പോലും സമയം വേണ്ടിവരില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.