Drisya TV | Malayalam News

ലെയ്സിന്റെ ക്ലാസിക് പൊട്ടറ്റോ ചിപ്സിന്റെ ഗുണനിലവാരത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ

 Web Desk    5 Feb 2025

ലെയ്സിന്റെ ക്ലാസിക് പൊട്ടറ്റോ ചിപ്‌സിൽ അംഗീകാരമില്ലാത്ത പാൽ ചേരുവകൾ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ഇതിന്റെ ഉപഭോഗം മരണത്തിനും ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്കും കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

13 ഔൺസിന്റെ 63,000 പാക്കറ്റുകളടങ്ങിയ ബാച്ചിലാണ് അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരമില്ലായ്മ കണ്ടെത്തിയിരിക്കുന്നത്. ഇതിലെ ചേരുവകൾ ജീവൻ വരെ അപകടത്തിലാക്കുന്ന അലർജികൾക്ക് കാരണം ആകുമെന്നാണ് കണ്ടെത്തൽ. ശ്വാസം മുട്ടൽ, ഛർദ്ദി, ശ്വാസതടസം, ചുണ്ട്, നാവ്, തൊണ്ട എന്നിവിടങ്ങളിൽ വീക്കം, ചൊറിച്ചിൽ എന്നീ ലക്ഷണങ്ങൾ പിന്നീട് മരണത്തിലേക്ക് വരെ നയിച്ചേക്കാം. അലർജിയോ പാൽ കഴിക്കുന്നതിന് പ്രശ്നമോ ഉള്ള ആളുകളെ ഇത് ഗുരുതരമായി ബാധിച്ചേക്കാം.

യുഎസിലെ ഒറിഗണിലും വാഷിങ്ടൺ സംസ്ഥാനത്തുമാണ് നിലവിൽ ഈ ലെയ്സ് പാക്കറ്റുകൾ വിതരണം ചെയ്തിട്ടുള്ളത്. ഗുണനിലവാരമില്ലാത്ത പാക്കറ്റുകൾ വിപണിയിൽ നിന്ന് പിൻവലിക്കണമെന്ന് കഴിഞ്ഞ ഡിസംബറിൽ അധികൃതർ നോട്ടീസ് നൽകിയിരുന്നു. പിന്നാലെ പാക്കറ്റുകൾ നീക്കം ചെയ്തതായി ലെയ്സ് പറഞ്ഞിരുന്നു. 2024 നവംബർ 3-ന് മുമ്പ് ചിപ്‌സ് ബാഗുകൾ വാങ്ങിയവർക്കാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

  • Share This Article
Drisya TV | Malayalam News