അന്താരാഷ്ട്ര യാത്രക്കാർക്ക് 30സെക്കൻഡു കൊണ്ട് ഇമിഗ്രേഷൻ പൂർത്തിയാക്കാനുള്ള ഫാസ്റ്റ്‌ട്രാക്ക് ഇമിഗ്രേഷൻ സംവിധാനം തിരുവനന്തപുരം വിമാനത്താവളത്തിലും വരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്യൂറോ ഒഫ് എമിഗ്രേഷനാണ് ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം എന്ന് പേരിട്ട സംവിധാനം നടപ്പാക്കുക. ഇന്ത്യൻ പൗരന്മാർക്കും ഓവർസീസ് സിറ്റിസൺഷിപ്പുള്ളവർക്കും രജിസ്ട്രേഷന് അപേക്ഷിക്കാം.
പാസ്‌പോർട്ട്, ബയോമെട്രിക് വിവരങ്ങൾ മുൻകൂട്ടി നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് എമിഗ്രേഷൻ കൗണ്ടറുകളിൽ പോവാതെ ഇ-ഗേറ്റ് വഴി കടന്നുപോകാം. ഇ-ഗേറ്റിലെ ബയോമെട്രിക് സംവിധാനത്തിലേക്ക് മുഖം കാട്ടുകയും ഗേറ്റിലെ സ്കാനറുകളിൽ വിരലുകൾ പതിപ്പിക്കുകയും പാസ്പോർട്ടും ബോർഡിംഗ് പാസും സ്കാൻ ചെയ്യുകയും വേണം. 30സെക്കൻഡു കൊണ്ട് നടപടികൾ ഡിജിറ്റലായി പൂർത്തിയാവും. അതോടെ ഇ-ഗേറ്ര് തുറക്കുകയും മുന്നോട്ടുപോവുകയും ചെയ്യാം. ഗേറ്റിനടുത്തായി ഒരു കൗണ്ടറിൽ പാസ്പോർട്ട് കാട്ടിയാൽ ഇമിഗ്രേഷൻ സീലും ലഭിക്കും.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് യാത്രചെയ്യുന്നവർക്കായി പതിനെട്ടും ഇവിടെ ഇറങ്ങിയവർക്ക് പതിനാറും ഇമിഗ്രേഷൻ കൗണ്ടറുകളുണ്ട്.എങ്കിലും തിരക്കുള്ള സമയങ്ങളിൽ വലിയ ക്യൂവാണുള്ളത്. ഇമിഗ്രേഷൻ പൂർത്തിയാക്കാൻ ചുരുങ്ങിയത് അരമണിക്കൂറിലേറെയെടുക്കും. ഡിജിറ്റൽ സംവിധാനം വരുന്നതോടെ ക്യൂ ഇല്ലാതാവും. ഇമിഗ്രേഷൻ നടപടികൾക്കായി വളരെ നേരത്തേ വിമാനത്താവളത്തിലെത്തേണ്ടിവരില്ല. നെടുമ്പാശേരിയിൽ ജനുവരിയിൽ പദ്ധതി ആരംഭിച്ചിരുന്നു. അടുത്തമാസം തിരുവനന്തപുരത്തും നടപ്പാക്കും.