അറുപത്തിയാറാം വയസ്സിൽ പത്താമത്തെ കുഞ്ഞിനു ജന്മം നൽകി ജർമൻ വനിത.കഴിഞ്ഞയാഴ്ചയാണ് ഒൻപതു മക്കളുടെ അമ്മയായ അലക്സാൻഡിയ ഹിൽദെബ്രാന്ററ്റ് പത്താമത് ഒരു ആൺകുഞ്ഞിനു കൂടി ജന്മം നൽകിയത്.സിസേറിയനായിരുന്നു. ഫിലിപ്പ് എന്ന് കുഞ്ഞിനു പേരും നൽകി.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. മൂന്ന് കിലോയാണ് കുഞ്ഞിന്റെ തൂക്കം. ഈ പ്രായത്തിൽ ഗർഭധാരണം ബുദ്ധിമുട്ടാണെന്ന അറിയാമായിരുന്നിട്ടും ഐവിഎഫ് പോലെയുള്ള മാർഗങ്ങളെ ആശ്രയിക്കാതെയാണ് ഗർഭിണിയായതെന്നും അലക്സാൻഡ്രിയ വിശദീകരിച്ചു. 'വലിയ കുടുംബം എന്നത് വലിയ കാര്യമല്ല. കുട്ടികളെ നന്നായി വളർത്തുന്നതാണ് പ്രധാനം. '-അലക്സാൻഡ്രിയ പറഞ്ഞു.
അലക്സാൻഡ്രിയയുടെ മൂത്തമകന് 46 വയസ്സാണ് പ്രായം. ഇളയകുട്ടിക്കാകട്ടെ രണ്ടുവയസ്സും. താനിപ്പോഴും ഒരു മുപ്പത്തിയഞ്ചുകാരിയെ പോലെയാണ് തോന്നുന്നതെന്നും അലക്സാൻഡ്രിയ വ്യക്‌തമാക്കി. അലക്സാൻഡ്രിയയുടെ പ്രായവും ശരീരത്തിൽ നടത്തിയ സിസേറിയനുകളുടെ എണ്ണവും വലിയ വെല്ലുവിളിയായിരുന്നു എന്ന് അവരുടെ ഡോക്ടർ വ്യക്തമാക്കി. അലക്‌സാൻഡ്രിയ ഗർഭകാലം വളരെ മികച്ചരീതിയിലാണ് പൂർത്തിയാക്കിയത്. മാനസിക-ശാരീരിക ആരോഗ്യം അവർ നന്നായി ശ്രദ്ധിച്ചു.അവരുടെ ധൈര്യം കൊണ്ടാണ് വളരെ എളുപ്പത്തിൽ പ്രസവം സാധ്യമായതെന്നും ഡോക്ടർ വിശദീകരിച്ചു.
അറുപത്തിയാറാം വയസ്സിലെ ഗർഭധാരണത്തെ കുറിച്ച് അലക്സാൻഡ്രിയ പറയുന്നത് ഇങ്ങനെ: "വളരെ ആരോഗ്യകരമായ ഭക്ഷണമാണ് ഞാൻ കഴിക്കുന്നത്. ദിവസവും ഒരു മണിക്കൂർ നീന്തലിനായി മാറ്റിവയ്ക്കും. രണ്ടുമണിക്കൂർ ഓടും. മദ്യപാനവും പുകവലിയും ഇല്ല. ഒരിക്കൽ പോലും ഗർഭനിരോധന മരുന്നുകൾ ഉപയോഗിച്ചിട്ടില്ല. ' എല്ലാവർക്കും വലിയ കുടുംബമുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അലക്സാൻഡ്രിയ കൂട്ടിച്ചേർത്തു.