കൊല്ലം പള്ളിമൺ വില്ലേജ് ഓഫീസറുടെ വാട്സ്ആപ്പ് നമ്പറിലേക്ക് കൊല്ലം ജില്ലാ കളക്ടർ എൻ. ദേവീദാസൻ എന്ന വ്യാജേനയാണ് തട്ടിപ്പുകാർ പണം ആവശ്യപ്പെട്ട് സന്ദേശം അയച്ചത്. സംശയം തോന്നിയ വില്ലേജ് ഓഫീസർ അവസരോചിതമായി പെരുമാറിയതോടെയാണ് തട്ടിപ്പുശ്രമം പരാജയപ്പെട്ടത്.
അടിയന്തര മീറ്റിംഗിൽ പങ്കെടുക്കുന്നതുകൊണ്ട് ഫോൺ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല എന്നും അടിയന്തരമായി പണം അയച്ചുനൽകണം എന്നും ആവശ്യപ്പെട്ടായിരുന്നു സന്ദേശം. പള്ളിമൺ വില്ലേജ് ഓഫീസറുടെ വാട്‌സ്ആപ്പ് നമ്പറിലേക്കാണ് സന്ദേശം ലഭിച്ചത്. സംശയം തോന്നിയ വില്ലേജ് ഓഫീസർ ഉടൻ ജില്ലാകളക്ടറുമായി ബന്ധപ്പെടുകയായിരുന്നു.
ജില്ലാ കളക്ടർ ഉടൻതന്നെ സിറ്റി പോലീസ് കമ്മീഷണറെ വിവരമറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ സൈബർ കുറ്റവാളികൾ സജീവമാണെന്നും എല്ലാ വിഭാഗം ജനങ്ങളും തട്ടിപ്പിന് ഇരയാകാതെ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.