Drisya TV | Malayalam News

കെഎസ്ആർടിസി റമദാന്‍ മാസത്തില്‍ നടത്തുന്ന തീര്‍ത്ഥ യാത്രയായ സിയാറത്ത് യാത്ര വിവാദത്തിൽ 

 Web Desk    14 Mar 2025

ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായി കെഎസ്ആർടിസി റമദാന്‍ മാസത്തില്‍ നടത്തുന്ന തീര്‍ത്ഥ യാത്രയായ സിയാറത്ത് യാത്രയിൽ പുരുഷന്‍മാരെ മാത്രം പങ്കെടുപ്പിക്കാനുള്ള തീരുമാനം വിവാദത്തില്‍. മഖാമുകള്‍ സന്ദര്‍ശിച്ച് മര്‍ക്കസ് നോളജ് സിറ്റിയില്‍ നടക്കുന്ന നോമ്പുതുറയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്ന യാത്രയില്‍ പുരുഷന്‍മാര്‍ക്ക് മാത്രമാണ് അവസരമെന്ന കെ എസ് ആര്‍ ടി സിയുടെ അറിയിപ്പിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയരുകയാണ്. സ്ത്രീകളോട് വിവേചനം കാട്ടുന്ന നിലപാട് കെ എസ് ആര്‍ ടി സി സ്വീകരിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് എഴുത്തുകാരി വി പി സുഹറ പറഞ്ഞു.

'പുണ്യപൂക്കാലം ധന്യമാക്കാന്‍ മഹാന്‍മാരുടെ ചാരത്ത്'. ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായി കെ എസ് ആര്‍ ടി സി സംഘടിപ്പിക്കുന്ന തീര്‍ത്ഥയാത്രയുടെ പേരിങ്ങനെയാണ്. ഈ മാസം 20 ന് മലപ്പുറം ഡിപ്പോയില്‍ നിന്നും രാവിലെ ഏഴു മണിക്ക് പുറപ്പെടുന്ന യാത്രയില്‍ അവസരം പുരുഷന്‍മാര്‍ക്ക് മാത്രമാണെന്നായിരുന്നു കെ എസ് ആര്‍ ടി സിഅറിയിച്ചിരുന്നത്. ഓമാനൂര്‍ ശുഹദാ മഖാം, ശംസുല്‍ ഉലമാ മഖാം, വരക്കല്‍ മഖാം, ഇടിയങ്ങരമഖാം, പാറപ്പള്ളി സി എം മഖാം, ഒടുങ്ങക്കാട് മഖാം എന്നിവിടങ്ങളിലാണ് സന്ദര്‍ശനം. മര്‍ക്കസ് നോളജ് സിറ്റിയില്‍ നടക്കുന്ന ഇഫ്താറിലും രാത്രി നമസ്കാരത്തിലും പങ്കെടുത്ത് രാത്രി പന്ത്രണ്ടോടെ തിരിച്ചെത്തും. ഒരു ടിക്കറ്റിന് 600 രൂപയും. പക്ഷേ കെ എസ് ആര്‍ ടി സി തന്നെ നേരിട്ട് നടത്തുന്ന യാത്രയില്‍ സ്ത്രീകളെ ഒഴിവാക്കിയതിലാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. 

 കെ എസ് ആര്‍ ടി സിക്കെതിരെ എഴുത്തുകാരി വി പി സുഹറയും രംഗത്തെത്തി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സുഹറ പറഞ്ഞു. സ്ത്രീ യാത്രക്കാര്‍ക്ക് നോമ്പു തുറക്കുള്ള സൗകര്യം പരിമിതമായതിനാലാണ് പുരുഷന്‍മാരെ മാത്രം ഉള്‍പ്പെടുത്തി യാത്ര സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് കെ എസ് ആര്‍ ടി സി അധികൃതരുടെ മറുപടി. സ്ത്രീകള്‍ക്ക് യാത്രയില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടെങ്കില്‍ അവരെയും പങ്കെടുപ്പിക്കാന്‍ തയ്യാറാണെന്നും കെ എസ് ആര്‍ ടി സി അധികൃതര്‍ വ്യക്തമാക്കി.

  • Share This Article
Drisya TV | Malayalam News