Drisya TV | Malayalam News

അഗസ്ത്യാർകൂടം സ്വപ്ന യാത്രയുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു 

 Web Desk    8 Jan 2025

നിത്യഹരിതവനങ്ങളാൽ സമ്പന്നമായ പുൽമേടുകളും പാറക്കെട്ടുകളും കാട്ടരുവികളും നിറ‌ഞ്ഞ് നിൽക്കുന്ന അഗസ്ത്യാർകൂടത്തേക്കൊരു പാത വീണ്ടും തുറക്കുന്നു. ജനുവരി 20 -ാം തിയതിയാണ് ട്രക്കിംഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 22 വരെ നീണ്ടു നിൽക്കുന്ന ട്രംക്കിഗിന് ഇക്കുറി 34 ദിവസത്തേക്കാണ് അവസരം.ജനുവരി 8 മുതൽ ഇതിനായുള്ള ബുക്കിംഗ് തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. മൊത്തം 2700 രൂപയാണ് ഇത്തവണത്തെ ബുക്കിംഗ് തുക. ഇതിൽ 2200 രുപ ട്രക്കിംഗ് ഫീസും 500 രൂപ ഇക്കോ സിസ്റ്റം മാനേജ്മെന്‍റ് ഫീസുമയിരിക്കും.

വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ serviceonline.gov.in/trekking ലോ ഓൺലൈനായി ബുക്ക് ചെയ്ത് ടിക്കറ്റ് സ്വന്തമാക്കാം. ജനുവരി എട്ടിന് രാവിലെ 11 മണിക്ക് ബുക്കിംഗ് ആരംഭിക്കും. അക്ഷയകേന്ദ്രങ്ങൾ മുഖേനയും പൊതുജനങ്ങൾക്ക് ഓൺലൈൻ ആയും ടിക്കറ്റ് ബുക്ക് ചെയ്യാം. ട്രെക്കിങ്ങിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. സന്ദർശകരുടെ സൗകര്യാർഥം ഈ വർഷത്തെ ട്രക്കിംഗും അതിനായുള്ള ബുക്കിംഗ് മൂന്ന് ഘട്ടങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്.

ജനുവരി 20 മുതൽ 31 വരെയാണ് ആദ്യഘട്ട ട്രക്കിംഗ്. ഇതിനായി ജനുവരി 8 ന് രാവിലെ 11 മണി മുതൽ ബുക്കിംഗ് ആരംഭിക്കും. ഫെബ്രുവരി ഒന്നു മുതൽ 10 വരെയാണ് രണ്ടാം ഘട്ട ട്രക്കിംഗ്. ജനുവരി 21ന് രാവിലെ 11 മണിക്കാണ് രണ്ടാംഘട്ട ട്രക്കിംഗിനുള്ള ഓൺലൈൻ ബുക്കിങ് ആരംഭിക്കുക. ഫെബ്രുവരി 11 മുതൽ 22 വരെയാണ് മൂന്നാം ഘട്ട ട്രക്കിംഗ്. ഫെബ്രുവരി മൂന്നാം തീയതി രാവിലെ 11 മണിക്കാണ് മൂന്നാംഘട്ട ട്രക്കിംഗിനുള്ള ബുക്കിങ് ആരംഭിക്കുക.ഓൺലൈൻ രജിസ്ട്രേഷൻ വഴി പരമാവധി 70 പേർക്ക് മാത്രമേ ഒരു ദിവസം പ്രവേശനം അനുവദിക്കുകയുള്ളൂ. ഓൺലൈൻ രജിസ്ട്രേഷനിൽ ഉണ്ടാകുന്ന കാൻസലേഷൻ ഉൾപ്പെടെ ഓഫ് ലൈൻ വഴി ഒരു ദിവസം പരമാവധി 30 പേർക്ക് അനുമതി നൽകും. ട്രക്കിംഗിന്‍റെ തലേദിവസം ആയിരിക്കും ഓഫ് ലൈൻ ആയി അനുമതി നൽകുക.

  • Share This Article
Drisya TV | Malayalam News