Drisya TV | Malayalam News

140 കോടി ആളുകൾ 2024-ൽ അന്താരാഷ്ട്രയാത്ര നടത്തി

 Web Desk    24 Jan 2025

കോവിഡ് മഹാമാരിയിൽ തകർന്നടിഞ്ഞ ടൂറിസം മേഖല അതിൽനിന്ന് പൂർണ്ണ തിരിച്ചുവരവ് നടത്തിയതായി ഐക്യരാഷ്ട്ര സഭയുടെ ടൂറിസം ഓർഗനൈസേഷന്റെ കണക്കുകൾ. 2024-ൽ 140 കോടി ആളുകൾ അന്താരാഷ്ട്ര യാത്ര നടത്തിയെന്ന് യു.എൻ.ഡബ്ല്യു.ടി.ഒ.യുടെ അവലോകന റിപ്പോർട്ടിൽ പറയുന്നു. കോവിഡ് ലോകത്തെ ബാധിക്കുന്നതിന് മുമ്പുള്ള, 2019-ന് സമാനമായ കണക്കാണിത്.

കഴിഞ്ഞ വർഷം 1.9 ട്രില്യൺ ഡോളറാണ് ടൂറിസ്റ്റുകൾ ചെലവഴിച്ചത്. അതായത് ഒരോ ടൂറിസ്റ്റും ശരാശരി 1000 ഡോളർ (86000 രൂപയോളം) ചെലവഴിച്ചിട്ടുണ്ടെന്നും യുഎൻ ഓർഗനൈസേഷൻ വ്യക്തമാക്കുന്നു.യൂറോപ്പിലേക്കാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ കഴിഞ്ഞ വർഷം എത്തിയതെന്നും യു.എൻ.ഡബ്ല്യു.ടി.ഒ. പറയുന്നു. യുക്രൈൻ-റഷ്യ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ ഈ മേഖലയിലെ ചില പ്രദേശങ്ങളിലേക്ക് ടൂറിസ്റ്റുകളുടെ വരവ് നിലച്ചിരിക്കെ കൂടിയാണ് യൂറോപ്പിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കെന്നതും ശ്രദ്ധേയമാണ്.

ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിച്ചത് ഫ്രാൻസാണ്. 10 കോടിപേരാണ് ഇവിടെ എത്തിയത്. ഒമ്പത് കോടി സഞ്ചാരികളെ വരവേറ്റ് സ്പെയിൻ രണ്ടാമതെത്തി.സമ്മർ ഒളിമ്പിക്സ്, പാരീസിലെ ഐതിഹാസികമായ നോത്രദാം പള്ളി തുറക്കൽ, നോർമാണ്ടിയിലെ ഡി-ഡേ ലാൻഡിംഗിന്റെ 80-ാം വാർഷികം എന്നിവ കഴിഞ്ഞ വർഷം സഞ്ചാരികളെ ഫ്രാൻസിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

31.6 കോടി ആളുകൾ 2024-ൽ ഏഷ്യ-പസഫിക് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 21.3 കോടി സഞ്ചാരികൾ അമേരിക്കൻ ഭൂകണ്ഡത്തിലേക്കും 9.5 കോടി പശ്ചിമേഷ്യൻ രാജ്യങ്ങളിലും സന്ദർശനം നടത്തി. ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചത് 7.4 കോടി സഞ്ചാരികളാണ്.

മിഡിൽ ഈസ്റ്റിൽ വിനോദസഞ്ചാരികളെ എത്തിക്കുന്നിതൽ ഖത്തർ വൻകുതിപ്പ് നടത്തി. അവിടെ എത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ 137 ശതമാനം വർധനവുണ്ടായിട്ടുണ്ട്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ മാത്രമല്ല ഖത്തർ കുതിപ്പ് നടത്തിയിട്ടുള്ളത്. 2024-ൽ ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി ഖത്തർ എയർവേയ്സ് തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ഖത്തർ തലസ്ഥാനമായ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളമാണ് ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന പദവി സ്വന്തമാക്കിയിട്ടുള്ളത്.

ഫ്രാൻസ്-സ്പെയിൻ അതിർത്തിക്കിടയിലുള്ള ചെറിയ രാജ്യമായ അൻഡോറ, കുവൈത്ത്, അൽബേനിയ തുടങ്ങിയ ചെറിയ രാജ്യങ്ങളും ടൂറിസം മേഖലയിൽ വൻകുതിപ്പ് നത്തിയതായും യുഎൻ ഓർഗനൈസേഷൻ വിവരിക്കുന്നു.

  • Share This Article
Drisya TV | Malayalam News