വരുമാനലക്ഷ്യവുമായി ആരംഭിച്ച കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഇനി അതിർത്തി കടന്ന് ഊട്ടി, മൈസൂരു, ധനുഷ്കോടി, കൊടൈക്കനാൽ, തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കും. ഇതിനായി കർണാടക, തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുമായുള്ള ചർച്ചകൾ നടക്കുകയാണ്.
ഇതുകൂടാതെ ഐആർസിടിസിയുമായി സഹകരിച്ച് ഓൾ ഇന്ത്യ ടൂർ പാക്കേജുകൾ ചെയ്യുന്നതിനായുള്ള കരാറിന്റെ നടപടികളും അന്തിമഘട്ടത്തിലാണ്. ബിടിസിക്കായി മാത്രം ഒരു ടൂറിസം വെബ്പോർട്ടൽ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.പോക്കറ്റ് കാലിയാകാതെ അവധിക്കാലം ആസ്വദിക്കാൻ പറ്റുന്ന ട്രിപ്പുകളാണ് ബിടിസി ആവിഷ്കരിക്കുന്നത്. ഏപ്രിലിൽ ജില്ലയിലെ ഏഴു ഡിപ്പോകളിൽനിന്ന് 120-ലധികം യാത്രകൾ നടത്തും. വയനാട്, മൂന്നാർ, വാഗമൺ, ഗവി യാത്രകളാണ് കൂടുതൽ യാത്രക്കാരെയും ആകർഷിക്കുന്നത്. ഇതിനൊപ്പം തീർഥാടനയാത്രകളും ഒരുക്കുന്നുണ്ട്.