സമ്പന്നരുടെ ഇഷ്ടരാജ്യമായി യുഎഇ. കഴിഞ്ഞ വര്‍ഷം യുഎഇയിലേക്ക് താമസം മാറിയ അതിസമ്പന്നരുടെ എണ്ണം വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിക്ഷേപ കുടിയേറ്റ അഡ്വൈസര്‍മാരായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സിന്‍റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
6,700ത്തിലേറെ അതിസമ്പന്നരാണ് കഴിഞ്ഞ വര്‍ഷം യുഎഇയിലേക്ക് കുടിയേറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അതിസമ്പന്നരെ ആകര്‍ഷിച്ച 10 രാജ്യങ്ങളില്‍ യുഎഇ മുമ്പിലെത്തിയെന്നാണ് കണക്കുകള്‍. പട്ടികയില്‍ യുഎസിനും മുമ്പിലാണ് ഒന്നാമതാണ് യുഎഇയുടെ സ്ഥാനം. 3,800 പേരാണ് കഴിഞ്ഞ വര്‍ഷം യുഎസിലേക്ക് കുടിയേറിയത്. രണ്ടാം സ്ഥാനത്തുള്ള യുഎസിനേക്കാള്‍ ഇരട്ടിയാളുകള്‍ യുഎഇ തങ്ങളുടെ ഇഷ്ടരാജ്യമായി തെരഞ്ഞെടുത്തു. പട്ടികയില്‍ മൂന്നാമത് സിംഗപ്പൂരാണ്. 3,500 പേരാണ് സിംഗപ്പൂരിലേക്ക് കുടിയേറിയത്.
കാനഡ (3200), ഓസ്ട്രേലിയ (2500), ഇറ്റലി (2200) എന്നിവ യഥാക്രമം മറ്റ് സ്ഥാനങ്ങള്‍ നേടി. വെല്‍ത്ത് ഇന്‍റലിജന്‍സ് സ്ഥാപനമായ ന്യൂ വേള്‍ഡ് വെല്‍ത്ത് നൽകിയ, കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട്. രാജ്യത്തിന്‍റെ മൊത്തം ആരോഗ്യത്തെയും സമ്പദ്‍വ്യവസ്ഥയെയും ചൂണ്ടിക്കാണിക്കുന്നതാണ് അതിസമ്പന്നരുടെ കുടിയേറ്റമെന്ന് ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് വ്യക്തമാക്കി.