ഐതീഹ്യങ്ങൾ കെട്ടുപിണഞ്ഞുകിടക്കുന്ന പ്രകൃതി മനോഹരമായ ഒറവപ്പാറയും അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമായി മാറാൻ ഒരുങ്ങുന്നു. പദ്ധതിക്ക് ജില്ല ആസൂത്രണ സമിതി (ഡി.പി.സി) അംഗീകാരം ലഭിച്ചതായി തൊടുപുഴ നഗരസഭ സെക്രട്ടറി അറിയിച്ചു.
തൊടുപുഴ-മൂലമറ്റം റൂട്ടിൽ മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ ഒളമറ്റമായി. അവിടെനിന്ന് ഒരു കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്നും ഏകദേശം 1600 അടി ഉയരത്തിലാണ് കേരള പളനി എന്നറിയപ്പെടുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഒറവപ്പാറയുമായി ബന്ധപ്പെട്ട് മഹാഭാരതം കഥയിലെ പഞ്ചപാണ്ഡവരുടെ ഒളിവു ജീവിതവുമായി ബന്ധപ്പെട്ട ഐതിഹ്യം പ്രചാരത്തിലുണ്ട്.
ചൂതുകളിയിൽ തോറ്റ പാണ്ഡവർ വനവാസകാലത്ത് ഒറവപ്പാറയിൽ താമസിച്ചെന്നാണ് വിശ്വാസികൾ കരുതുന്നത്. പാറയുടെ മുകളിൽ കാൽപാദത്തിന്റെ ആകൃതിയിലുള്ള ഒരിക്കലും വറ്റാത്ത ഒരു കുളമുണ്ട്. ഇത് ഭീമസേനൻ പാറയിൽ ചവിട്ടിതാഴ്ത്തി ഉണ്ടാക്കിയതാണെന്നാണ് സങ്കൽപ്പം. അടുപ്പിന്റെ ആകൃതിയിൽ മൂന്ന് കൂറ്റൻ പാറക്കല്ലുകളും കാണാം. അത് പാണ്ഡവർ പാചകത്തിനു ഉപയോഗിച്ച അടുപ്പാണെന്നാണ് വിശ്വാസം.
ഒറവപ്പാറയ്ക്ക് സമീപത്താണ് കൊന്നക്കാമല. ഇവയെ യോജിപ്പിച്ച് റോപ് വേ നിർമിക്കാനുള്ള ആലോചനയും നടന്നിട്ടുണ്ട്. കൊൽക്കത്തയിൽനിന്ന് എൻജിനിയർമാരെത്തി പഠനവും നടത്തി അനുയോജ്യമായ സ്ഥലമാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. റോപ്പ് വേ നിർമാണത്തിന് 30 പില്ലറുകൾ മതിയാകും. ഇതിന് 14 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. വെങ്ങല്ലൂർ പാലത്തിന് സമീപം ചെക്ക് ഡാം നിർമിച്ച് ഒരേനിരപ്പിൽ വെള്ളം കെട്ടി നിർത്തിയാൽ ബോട്ടിങ് അടക്കമുള്ള സംവിധാനം ഏർപ്പെടുത്താനാകും.