അന്താരാഷ്ട്ര യാത്രകൾക്ക് വിമാനത്താവളങ്ങളിലെ കാത്തിരിപ്പ് കുറയ്ക്കുന്ന അതിവേഗ ഇമിഗ്രേഷൻ പദ്ധതി വ്യാഴാഴ്ച കൊച്ചിയിൽ ആരംഭിച്ചു.ജൂണിൽ ഡൽഹി വിമാനത്താവളത്തിൽ തുടങ്ങിയ പദ്ധതി കൊച്ചിയടക്കം രാജ്യത്തെ ഏഴുവിമാനത്താവളങ്ങളിലാണ് വ്യാഴാഴ്ച തുടങ്ങുന്നത്. അഹമ്മദാബാദിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം നിർവഹിക്കും. ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ വിമാനത്താവളങ്ങളാണ് പദ്ധതി തുടങ്ങുന്ന മറ്റുള്ളവ.
ഇമിഗ്രേഷൻ നടപടി വേഗമാക്കാൻ ലക്ഷ്യമിട്ടുള്ള സൗകര്യം, മുൻകൂട്ടി വിവരം നൽകി രജിസ്റ്റർചെയ്യുന്നതിൽ അർഹരായവർക്കാണ് പ്രയോജനപ്പെടുക. ഇന്ത്യക്കാർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ.) കാർഡുള്ളവർക്കും ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക പോർട്ടൽവഴി അപേക്ഷിക്കാം.വിദേശത്തേക്കുള്ള യാത്രയ്ക്കും തിരിച്ചുവരുമ്പോഴും ഇതുപയോഗിക്കാം. അന്വേഷണത്തിനുശേഷമാകും അർഹരെ തിരഞ്ഞെടുക്കുക. ഏതെങ്കിലും കേസുകളിൽ പ്രതിയായിട്ടുള്ളവർക്ക് ലഭിക്കില്ല. രജിസ്ട്രേഷൻ നടപടിക്രമങ്ങൾക്ക് ഒരുമാസംവരെ സമയമെടുത്തേക്കും. പാസ്പോർട്ടിന്റെ കാലാവധി തീരുന്നതുവരെ പരമാവധി അഞ്ചുവർഷത്തേക്കാകും പദ്ധതിയിൽ അംഗത്വം നൽകുന്നത്.