ആദിവാസി യുവാവ് പൊലീസ് സ്‌റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിക്കാനിടയായ സംഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്‌ഥർക്ക് സസ്പെൻഷൻ. സംഭവ സമയത്ത് കൽപറ്റ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ ദീപ, സിപിഒ ശ്രീജിത്ത് എന്നിവരെ കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയാണ് സസ്പെൻഡ് ചെയ്തത്. സുരക്ഷ ഉറപ്പാക്കുന്നതിൽ അനാസ്‌ഥയുണ്ടായി എന്ന കാരണത്താലാണ് സസ്പെൻഷൻ.
കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെ എട്ടു മണിയോടെയാണ് അമ്പലവയൽ സ്വദേശിയായ ഗോകുലിനെ ശുചിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഗോകുലിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഇന്നലെ കൽപറ്റ സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥർ സംഭവ സമയത്ത് ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരുടെ മൊഴിയെടുത്തു. ഗോകുലിനെ മരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറിയിലും പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള സംഘം തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ.മോഹനനും ഇന്നലെ പൊലീസ് സ്‌റ്റേഷനിൽ പരിശോധന നടത്തി.