കോട്ടയം പാലായിൽ വിദ്യാർഥികൾക്ക് മുന്നിൽ തമ്മിൽ തല്ലിയ അന്തിനാട് ഗവ. യുപി സ്കൂളിലെ അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം. പ്രധാനാധ്യാപികയുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെത്തുടർന്നാണ് 7 അധ്യാപകർക്ക് എതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നയന പി. ജേക്കബ്, ധന്യ പി. ഗോപാൽ, അമൽ ജോസ്, സുനിത തങ്കപ്പൻ, മേരിക്കുട്ടി, കെ.ജി. മനുമോൾ, കെ.വി. റോസമ്മ എന്നീ അധ്യാപകരെ സ്‌ഥലം മാറ്റിയത്.
പ്രധാനാധ്യാപിക ഉൾപ്പെടെ ആകെ 8 അധ്യാപികമാരായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. പ്രധാനാധ്യാപികയുടെ നിർദേശങ്ങൾ വകവയ്ക്കാതെ അധ്യാപകർ തമ്മിൽ തല്ല് തുടർന്നതോടെ പ്രധാനാധ്യാപിക 2 മാസം മുൻപ് അവധിയിൽ പോയിരുന്നു. പിന്നീട് സ്കൂളിൽ അവശേഷിച്ച 7 അധ്യാപകരെയാണ് ഇപ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്‌ഥലം മാറ്റിയത്.