Drisya TV | Malayalam News

ലോകത്തിലേറ്റവും ചെറിയ പേസ്മേക്കർ വികസിപ്പിച്ച് അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ എൻജിനീയർമാർ 

 Web Desk    4 Apr 2025

ഹൃദയമിടിപ്പിൽ താളംതെറ്റലുള്ളവർക്കുവേണ്ടി ഉപയോഗിക്കുന്ന മെഡിക്കൽ ഡിവൈസാണ് പേസ്മേക്കർ. ശരീരത്തിൽ ഘടിപ്പിക്കുന്ന പേസ്മേക്കർ സാധാരണ ഗതിയിൽ അല്പം വലിപ്പമുള്ളവയാണ്. എന്നാൽ ലോകത്തിലേറ്റവും ചെറിയ പേസ്മേക്കർ വികസിപ്പിച്ചിരിക്കുകയാണ് ഒരുസംഘം എൻജിനീയർമാർ. അരിമണിയേക്കാൾ വലിപ്പം കുറഞ്ഞ പേസ്മേക്കറാണ് വികസിപ്പിച്ചത്. അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ എൻജിനീയർമാരാണ് കുഞ്ഞൻ പേസ്മേക്കറിന്റെ പിന്നിൽ പ്രവർത്തിച്ചത്. ഇതിനേപ്പറ്റിയുള്ള വിവരങ്ങൾ നേച്ചർ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവജാത ശിശുക്കൾക്ക് വേണ്ടിയുള്ള താത്കാലിക പേസ്മേക്കറായാണ് ഇതിനെ വികസിപ്പിച്ചത്.

നിലവിൽ ഉപയോഗിക്കുന്ന വയറുകളുള്ള പേസ്മേക്കറുകൾ സ്ഥാപിക്കാൻ സങ്കീർണമായ ശസ്ത്രക്രിയ വേണ്ടിവരും. മാത്രമല്ല കാലാവധി കഴിഞ്ഞാലോ, അല്ലെങ്കിൽ ഉപയോഗം ആവശ്യമില്ലാതെ വന്നാലൊ ഇത് ശരീരത്തിൽ നിന്ന് മാറ്റണമെങ്കിലും വീണ്ടുമൊരു ശസ്ത്രക്രിയയ്ക്ക് കൂടി വിധേയരാകേണ്ടി വരും. എന്നാൽ പുതിയ പേസ്മേക്കർ ഒരിക്കൽ സ്ഥാപിച്ച് കഴിഞ്ഞാൽ അത് നിശ്ചിത കാലത്തിന് ശേഷം ശരീരത്തിൽ തനിയെ അലിഞ്ഞുചേരുമെന്നതാണ് പ്രത്യേകത.

കുട്ടികളിൽ ജന്മനാ ചില വൈകല്യങ്ങളുണ്ടാകാറുണ്ട്. വളരുമ്പോൾ തനിയെ പരിഹരിക്കപ്പെടുന്ന അത്തരം വൈകല്യമുള്ള കുട്ടികൾക്ക് ചിലപ്പോൾ പേസ്മേക്കറിൻ്റെ സഹായം ആവശ്യമായി വരും. ചിലപ്പോൾ ആഴ്‌ചകൾ മാത്രമേ പേസ്മേക്കറിന്റെ സഹായം വേണ്ടിവരു. ഇത് ഗുരുതരമായ സാഹചര്യത്തെ മറികടക്കാൻ കുട്ടികളെ സഹായിക്കും. എന്നാൽ തീരെ ചെറിയ കുട്ടികൾക്ക് നിലവിലെ വലിയ പേസ്മേക്കർ എന്നത് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക. ഇതിന് പരിഹാരമായാണ് പുതിയ മില്ലീമീറ്ററുകൾ മാത്രം വലിപ്പമുള്ള പേസ്മേക്കർ വികസിപ്പിച്ചത്. മാത്രമല്ല ആവശ്യം കഴിഞ്ഞാൽ അത് നീക്കാൻ ഒരു ശസ്ത്രക്രിയ വേണ്ടി വരുന്നില്ല.

മൃഗങ്ങളിൽ പരീക്ഷിച്ചതിന് ശേഷം മനുഷ്യരിലും പരീക്ഷിച്ചുറപ്പുവരുത്തി. കൃത്യമായ ഇടവേളയിൽ ഹൃദയമിടിപ്പ് നിലനിർത്താൻ ഈ കുഞ്ഞൻ പേസ്മേക്കർ സഹായിക്കുമെന്ന് തെളിയിച്ചു. പുതിയ പേസ്മേക്കർ മുതിർന്നവരിലും ഉപയോഗിക്കാനാകുമോ എന്ന പരീക്ഷണമാണ് ഇനി നടക്കാൻ പോകുന്നത്.

  • Share This Article
Drisya TV | Malayalam News