Drisya TV | Malayalam News

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെതിരേ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു

 Web Desk    4 Apr 2025

വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ സഹപ്രവർത്തകനും സുഹൃത്തുമായ സുകാന്തിനെതിരേ പോലീസ് കേസെടുത്തു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് തിരുവനന്തപുരം പേട്ട പോലീസ് സുകാന്തിനെതിരേ കേസെടുത്തത്. അതേസമയം, ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവിൽപോയ സുകാന്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

മാർച്ച് 24-നാണ് പേട്ട റെയിൽവേ മേൽപ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാൽ, യുവതിയുടെ മരണത്തിന് പിന്നാലെ സഹപ്രവർത്തകനായ സുകാന്തിനെതിരേ കുടുംബം പരാതി നൽകിയിരുന്നു.

യുവതിയെ സുകാന്ത് സാമ്പത്തികമായി ചൂഷണംചെയ്തെന്നായിരുന്നു കുടുംബം ആദ്യം ഉന്നയിച്ച പരാതി. പിന്നാലെ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെയും തെളിവുകൾ കൈമാറി. കഴിഞ്ഞദിവസം പേട്ട പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി യുവതിയുടെ പിതാവ് തന്നെയാണ് തെളിവുകൾ കൈമാറിയത്. ഇതിനുപിന്നാലെയാണ് പോലീസ് ബലാത്സംഗക്കുറ്റം ഉൾപ്പെടെ ചുമത്തി സുകാന്തിനെതിരേ കേസെടുത്തത്.

മലപ്പുറം സ്വദേശിയായ സുകാന്ത് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് പലതവണകളായി പണം കൈക്കലാക്കിയെന്നാണ് കണ്ടെത്തൽ. ചെന്നൈയിലും കൊച്ചിയിലും കൊണ്ടുപോയി യുവതിയെ ചൂഷണംചെയ്‌തതായും യുവതിയെ പരിക്കേൽപ്പിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം, യുവതിയുടെ മരണത്തിന് പിന്നാലെ സുകാന്ത് ഒളിവിൽപോയിരിക്കുകയാണ്. നേരത്തേ ഇയാളുടെ മലപ്പുറം എടപ്പാളിലെ വീട്ടിൽ പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയെങ്കിലും വീട് അടച്ചിട്ടനിലയിലായിരുന്നു.

  • Share This Article
Drisya TV | Malayalam News