Drisya TV | Malayalam News

പിഎഫ് തുക പിന്‍വലിക്കല്‍ നടപടികള്‍ ലളിതമാക്കി,ചെക്ക് ലീഫും പാസ്ബുക്കും അപ്ലോഡ് ചെയ്യേണ്ട

 Web Desk    4 Apr 2025

ഇപിഎഫ്ഒ (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) അംഗങ്ങൾക്ക് ക്ലെയിം സെറ്റിൽമെന്റ് നടപടികൾ ലളിതമാക്കിയതായി കേന്ദ്രതൊഴിൽ മന്ത്രാലയം അറിയിച്ചു. തുക പിൻവലിക്കുന്നതിനായി ചെക്ക് ലീഫിന്റെയോ ബാങ്ക് പാസ്ബുക്കിന്റെയോ ചിത്രം ഓൺലൈനായി അപ്ലോഡ് ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി.

കൂടാതെ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) ഉപയോഗിച്ച് സീഡ് ചെയ്യുന്നതിന് തൊഴിലുടമയുടെ അംഗീകാരം വേണമെന്ന നിബന്ധനയും ഇനിയില്ല. രാജ്യത്തെ 7.7 കോടിയോളം പേർക്ക് ക്ലെയിം സെറ്റിൽമെന്റ് സമയത്ത് ഇത് ഉപകാരപ്പെടുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

ക്ലെയിമുകൾ ഓൺലൈനായി ഫയൽ ചെയ്യുമ്പോൾ ചെക്ക് ലീഫിൻ്റെയോ അറ്റസ്റ്റ് ചെയ്ത ബാങ്ക് പാസ്ബുക്കിൻ്റെയോ ചിത്രം അപ്ലോഡ് ചെയ്യണമെന്ന നിബന്ധന പരീക്ഷണാടിസ്ഥാനത്തിൽ നേരത്തേ ഒഴിവാക്കിയിരുന്നു. പുതുക്കിയ കെവൈസി നൽകിയവർക്കാണ് 2024 മേയ് 28 മുതൽ ഇത് നടപ്പാക്കിയത്.

അതിനുശേഷം ഇതുവരെ 1.7 കോടിയാളുകൾക്ക് ഇതിൻ്റെ പ്രയോജനം ലഭിച്ചു.ബാങ്ക് അക്കൗണ്ടുകളെ യുഎഎന്നുമായി സീഡ് ചെയ്യുന്ന പ്രക്രിയ കാര്യക്ഷമമാക്കുന്നതിനാണ് തൊഴിലുടമയുടെ അംഗീകാരം എന്ന നിബന്ധന ഒഴിവാക്കിയത്. ഓരോ അംഗവും പിൻവലിച്ച പിഎഫ് തുക അവരുടെ അക്കൗണ്ടിലേക്ക് തടസ്സമില്ലാതെ എത്തുന്നതിന് ബാങ്ക് അക്കൗണ്ട് യുഎഎൻ ഉപയോഗിച്ച് സീഡ് ചെയ്യണം.

2024-25 സാമ്പത്തികവർഷത്തിൽ 1.3 കോടി അംഗങ്ങളാണ് ഇതിനായി അപേക്ഷിച്ചത്. തൊഴിലുടമ ഈ ബാങ്ക് പ്രക്രിയ അംഗീകരിക്കാൻ എടുക്കുന്ന ശരാശരിസമയം ഏകദേശം 13 ദിവസമാണ്.

  • Share This Article
Drisya TV | Malayalam News