രാത്രി ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ചവർ വനത്തിൽ കുടുങ്ങി. നിലമ്പൂർ കാഞ്ഞിരപ്പുഴ വനത്തിലാണ് രാത്രി 12 മണിയോടെ അഞ്ചുപേരടങ്ങുന്ന കാർ യാത്രികർ കുടുങ്ങിയത്. കൽപ്പറ്റ ഉമ്മുൽഖുറ അറബിക്ക് കോളേജിലെ അദ്ധ്യാപരായ ഫൗസി, ഷുഹൈബ്, മുസ്ഫർ, ഷമീം, അസിം എന്നിവരാണ് വനത്തിൽ കുടുങ്ങിയത്.
സഹപ്രവർത്തകന്റെ കല്യാണവീട് സന്ദർശിച്ച് മടങ്ങുകയായിരുന്നു അധ്യാപകർ. ഗൂഗിൾ മാപ്പിന്റെ സഹായത്താൽ സഞ്ചരിച്ച ഇവർ വഴിതെറ്റി വനത്തിനുള്ളിൽ അകപ്പെടുകയായിരുന്നു. തുടർന്ന് ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച കാർ ചെളിയിൽ പൂണ്ടുപോകുകയും കാറിനകത്ത് വെള്ളം കയറി എൻജിൻ ഓഫ് ആകുകയും ചെയ്തു.
വന്യമൃഗങ്ങളും ഇഴജന്തുക്കളും ഉള്ള വനത്തിൽ നിസ്സഹായാവസ്ഥയിൽ പെട്ടുപോയ സംഘം നിലമ്പൂർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ വാഹനം കെട്ടിവലിച്ച് സംഘത്തെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചു.