Drisya TV | Malayalam News

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്:ശരീരം നൽകുന്ന ഈ സൂചനകൾ 

 Web Desk    8 Feb 2025

ദശലക്ഷക്കണക്കിനു പേരെ ബാധിക്കുന്ന രോഗമാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD). അവസാനഘട്ടം വരെയും ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്ത ഈ രോഗം, തെറ്റായ ഭക്ഷണശീലം, ചടഞ്ഞുകൂടിയുള്ള ജീവിതശൈലി, പൊണ്ണത്തടി തുടങ്ങിയവ മൂലം ഉണ്ടാകാം. കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്തതിനാൽ ഇതിനെ ഒരു നിശ്ശബ്ദരോഗം എന്നാണ് വിളിക്കാറ്. എന്നാൽ ശരീരം നൽകുന്ന ചില സൂചനകളെ അവഗണിക്കാതിരിക്കാം.

തുടർച്ചയായുള്ള ക്ഷീണവും തളർച്ചയും അകാരണമായി ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, വയറിൽ അസ്വസ്‌ഥത, വയറിന്റെ വലതു മുകൾ ഭാഗത്തായി വയർ നിറഞ്ഞപോലെ തോന്നുക, മലത്തിന് നിറവ്യത്യാസം, ഇരുണ്ടനിറത്തിൽ മൂത്രം പോവുക തുടങ്ങിയ ലക്ഷണങ്ങളെ ശ്രദ്ധിക്കാം. രോഗം അധികരിക്കുന്ന ഘട്ടത്തിൽ മഞ്ഞപ്പിത്തവും വരാം. ഈ ലക്ഷണങ്ങളെ അവഗണിച്ചാൽ എൻ എ എഫ് എൽ ഡി ഗുരുതരമാകും. ഫൈബ്രോസിസ്, സിറോസിസ് ഉൾപ്പെടെ ഗുരുതരമായ കരൾനാശത്തിനും ഇത് കാരണമാകും.

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിന് അംഗീകരിക്കപ്പെട്ട മരുന്നുകൾ ഒന്നുമില്ല. രോഗം വരാതെ തടയാനും രോഗം നിയന്ത്രിക്കാനും ഏറ്റവും ഫലപ്രദമായ മാർഗം ജീവിതശൈലിയിൽ വ്യത്യാസം വരുത്തുക എന്നതാണ്.

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് പ്രമേഹവും ഉയർന്ന കൊളസ്ട്രോളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യപരിശോധനകൾ പതിവായി ചെയ്യേണ്ടതാണ്. ഒപ്പം പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിച്ചു നിർത്തുകയും വേണം.

  • Share This Article
Drisya TV | Malayalam News