ഏറ്റവും ഫലപ്രദമായ രീതിയിൽ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിന് കെട്ടിടങ്ങളുടെ വിഭാഗത്തിലാണ് മാർ സ്ലീവാ മെഡിസിറ്റിക്ക് പുരസ്കാരം ലഭിച്ചത്. സംസ്ഥാനത്ത് ഉടനീളമുള്ള ഒട്ടേറെ ആരോഗ്യ സ്ഥാപനങ്ങളെയും വൻകിട കെട്ടിടങ്ങളെയും ഉൾപ്പെടെ അവാർഡിനു പരിഗണിച്ചതിൽ നിന്നും മാർ സ്ലീവാ മെഡിസിറ്റിക്ക് ഒന്നാം സ്ഥാനം ലഭിച്ചത് ആശുപത്രിയുടെ മികവ് വ്യക്തമാക്കുന്നു.
മികച്ച പരിസ്ഥിതി, ഊർജ, ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷത്തെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഒന്നാം സ്ഥാനവും മാർ സ്ലീവാ മെഡിസിറ്റിക്ക് ലഭിച്ചിരുന്നു. കേരള എനർജി മാനേജ്മെന്റ് സെൻറർ നടത്തിയ വസ്തുനിഷ്ഠമായ വിലയിരുത്തലിൽ, ഊർജ പ്രവർത്തന മാനദണ്ഡങ്ങൾ, ശാശ്വത വികസന സംരംഭങ്ങൾ, നവീന ഊർജ സംരക്ഷണ സാങ്കേതികവിദ്യകൾ, മറ്റ് പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ആശുപത്രിക്ക് പുരസ്കാരം നൽകുന്നതിനായി തീരുമാനം എടുത്തത്. ആശുപത്രി മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ ഊർജ കാര്യക്ഷമതയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള മാർ സ്ലീവാ മെഡിസിറ്റിയുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവു കൂടിയാണെന്നു മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു.
അവാർഡ് നേടിയ മറ്റു സ്ഥാപനങ്ങളിലേക്കുള്ള സന്ദർശനങ്ങൾ കൂടാതെ ISO 50001 സർട്ടിഫിക്കേഷൻ നേടുന്നതിനും, എനർജി ഓഡിറ്റിങിനും, CEA/CEM പരീക്ഷയ്ക്കും വേണ്ട സർക്കാർ ഗ്രാൻ്റിനും മാർ സ്ലീവാ മെഡിസിറ്റി ഈ പുരസ്കാരത്തിലൂടെ അർഹമായി.