Drisya TV | Malayalam News

ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു, മ്യാൻമാറിൽ മരണസംഖ്യ 1,600 കവിഞ്ഞതായി റിപ്പോർട്ട്‌ 

 Web Desk    29 Mar 2025

മ്യാൻമാറിലും തായ്ലാൻഡിലും കനത്തനാശം വിതച്ച ശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു. മ്യാൻമാറിൽ മരണസംഖ്യ 1,600 കവിഞ്ഞതായി മ്യാൻമാറിലെ സൈനിക ഭരണകൂടം പ്രസ്‌താവനയിൽ അറിയിച്ചു. മരിച്ചവരുടെ എണ്ണം 1,644 ആയി ഉയർന്നതായും 3,408 പേർക്ക് പരിക്കേറ്റതായും സൈനിക ഭരണകൂടത്തെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.അയൽരാജ്യമായ തായ്ല‌ൻഡിൽ ഭൂകമ്പത്തിൽ 10 പേരാണ് മരിച്ചത്.

ഭൂകമ്പമാപിനിയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ വലിയ തോതിൽ ആൾനാശവും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായേക്കാമെന്നും മരണസംഖ്യ 10,000 കവിയാൻ സാധ്യതയുണ്ടെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) മുന്നറിയിപ്പ് നൽകി. ആയിരത്തിലേറെപ്പേർ മരിച്ചിരിക്കാമെന്നാണ് നേരത്തെ യു.എസ്. ജിയോളജിക്കൽ സർവേ അറിയിച്ചിരുന്നത്.

ഇരുരാജ്യങ്ങളിലും രക്ഷാദൗത്യം തുടരുകയാണ്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.കെട്ടിടാവശിഷ്ടങ്ങളിലും മറ്റും ആളുകൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തലസ്ഥാനമായ നയ്പിഡോ ഉൾപ്പെടെ മ്യാൻമാറിലെ ആറ് പ്രവിശ്യകളിൽ പട്ടാളഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News