Drisya TV | Malayalam News

"ആലപ്പുഴ ജിംഖാന" ഏപ്രില്‍ 10ന് വിഷു റിലീസായി തിയേറ്ററിൽ 

 Web Desk    3 Apr 2025

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "ആലപ്പുഴ ജിംഖാന" ഏപ്രില്‍ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്നു. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. യുഎ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്റെ ലഭിച്ചത്. കോമഡി, ആക്ഷൻ, ഇമോഷൻസ് കലർന്ന ട്രെയ്‌ലർ സൂചിപ്പിക്കുന്നത് ആലപ്പുഴ ജിംഖാന ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ തന്നെയാകുമെന്നാണ്. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് നസ്‌ലൻ എത്തുന്നത്. 

ബോക്സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി എന്റർടെയ്നർ വിഭാഗത്തിൽ പെടുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ബ്ലോക്ക് ബസ്റ്റർ ചിത്രം 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

സ്പോർട്സ് കോമഡി ജോണർ ചിത്രത്തിന് വേണ്ടി നായകന്മാരായ നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ തുടങ്ങിയവർ നടത്തിയ മേക്കോവർ സോഷ്യൽ മീഡിയയിൽ മുൻപേ തന്നെ ശ്രദ്ധേയമായിരുന്നു. അത്തരത്തിലുള്ള സ്പോർട്സ് ഗെറ്റപ്പിലൂടെ എത്തിയ താരങ്ങളുടെ ഫസ്റ്റ് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം തുടരുന്നുണ്ട്.

ആലപ്പുഴ ജിംഖാന നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക്‌ സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

  • Share This Article
Drisya TV | Malayalam News