Drisya TV | Malayalam News

കൊച്ചി കായലിൽ മാലിന്യപ്പൊതി വലിച്ചെറിഞ്ഞു, ഗായകൻ എം.ജി.ശ്രീകുമാറിന് 25,000 രൂപ പിഴ

 Web Desk    3 Apr 2025

കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്നൊരു മാലിന്യപ്പൊതി വീഴുന്നതു മൊബൈൽ ഫോണിൽ പകർത്തിയ വിനോദസഞ്ചാരിയുടെ വിഡിയോ വഴി ഗായകൻ എം.ജി. ശ്രീകുമാറിന് ലഭിച്ചത് 25,000 രൂപയുടെ പിഴ നോട്ടിസ്.

ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണു മാലിന്യം വലിച്ചെറിയുന്നതെന്നു വിഡിയോയിൽ വ്യക്തമാണെങ്കിലും ആരാണെന്നു തിരിച്ചറിയാനാവില്ല.വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് നോട്ടിസ് നൽകിയത്. തുടർന്നു ഗായകൻ കഴിഞ്ഞ ദിവസം പിഴ ഒടുക്കി.

നാലു ദിവസം മുൻപ് സമൂഹമാധ്യമത്തിലൂടെ മന്ത്രി എം.ബി.രാജേഷിനെ ടാഗ് ചെയ്താണ് വിഡിയോ പോസ്റ്റ് ചെയ്തത്. പൊതുസ്‌ഥലത്തു മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നൽകി. പിന്നാലെ ഇങ്ങനെ പരാതി ചെന്നതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിൻ്റെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു.

  • Share This Article
Drisya TV | Malayalam News