Drisya TV | Malayalam News

ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റം ഇനി എളുപ്പത്തിൽ; വ്യവസ്ഥകൾ ലഘൂകരിച്ച് സർക്കാർ

 Web Desk    29 Mar 2025

ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളിൽ സമൂലമായ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കേരളത്തിൽ ജനനം രജിസ്റ്റർ ചെയ്ത ആർക്കും, ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര്, ഇനി ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം വരുത്താനാവും. വർഷങ്ങളായി നിലനിന്ന സങ്കീർണതയ്ക്കാണ് സർക്കാർ പരിഹാരം കണ്ടിരിക്കുന്നത്.

നിലവിൽ കേരളത്തിലെ പൊതുമേഖലയിൽ വിദ്യാഭ്യാസം ലഭിച്ച കുട്ടികൾക്ക് ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റിലും സ്കൂൾ രേഖകളിലും പേരിൽ മാറ്റം വരുത്താനും, തുടർന്ന് ഈ സ്കൂൾ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം ജനന സർട്ടിഫിക്കറ്റ് തിരുത്താനുമാണ് അവസരമുണ്ടായിരുന്നത്. ഇത് പല സങ്കീർണതകൾക്കും വഴിവെച്ചിരുന്നു.

സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകളിൽ പഠിച്ചവർക്കും, ഇന്ത്യയ്ക്ക് പുറത്ത് പഠനം നടത്തിയവർക്കും ഗസറ്റ് വിജ്ഞാപനം വഴി പേര് തിരുത്തിയാലും അതുവെച്ച് സ്കൂൾ രേഖകളിൽ മാറ്റം വരുത്താനാകാത്തതിനാൽ ജനന സർട്ടിഫിക്കറ്റിൽ പേര് തിരുത്താൻ സാധിക്കുന്നുണ്ടായിരുന്നില്ല. സ്കൂൾ രേഖകളിൽ തിരുത്തൽ വരുത്താൻ തിരുത്തിയ ജനനസർട്ടിഫിക്കറ്റും, ജനന സർട്ടിഫിക്കറ്റിൽ തിരുത്താൻ തിരുത്തിയ സ്കൂൾ സർട്ടിഫിക്കറ്റം വേണമെന്നതായിരുന്നു സ്ഥിതി.

പൊതുവിദ്യാലയങ്ങളിൽ പഠിച്ചവർക്കും കാലതാമസത്തിന് ഈ വ്യവസ്ഥകൾ കാരണമായിരുന്നു. ഈ വ്യവസ്ഥയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ലഘൂകരിച്ചത്. കാലോചിതമായി ചട്ടങ്ങളും നിയമങ്ങളും പരിഷ്കരിക്കാനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ശ്രമങ്ങളിൽ ഒന്നാണ് ഈ തീരുമാനമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

നിരവധി അപേക്ഷകളാണ് ഈ ആവശ്യവുമായി വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലുള്ളത്. ഇവർക്കെല്ലാം ആശ്വാസമാവുന്ന തീരുമാനമാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ഈ തീരുമാനത്തിന് അനുസൃതമായ മാറ്റം ഉടൻ കെ സ്മാർട്ടിൽ വരുത്തും. ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളിൽ വിപ്ലവകരമായ പരിഷ്കരണങ്ങളാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

വിഡിയോ കെവൈസി ഉപയോഗിച്ച് ലോകത്ത് എവിടെയിരുന്നും മിനുട്ടുകൾ കൊണ്ട് വിവാഹം രജിസ്റ്റർ ചെയ്യാൻ ഇന്ന് മലയാളിക്ക് കഴിയുന്നത് ഉൾപ്പെടെയുള്ള സൌകര്യങ്ങളുണ്ട്. കൂടുതൽ പരിഷ്കരണങ്ങൾ സിവിൽ രജിസ്ട്രേഷനുകളിൽ നടപ്പിൽ വരുത്തുമെന്നും മന്ത്രി പറഞ്ഞു.

  • Share This Article
Drisya TV | Malayalam News