മ്യാൻമാറിനൊപ്പം ഭൂകമ്പം വലിയ നാശം വിതച്ച തായ്‌ലാൻഡിൽ പ്രധാനമന്ത്രി പെയ്തൊങ്‌ടാൺ ഷിനവത്ര അടിയന്തരയോഗം വിളിച്ചു. തലസ്ഥാനമായ ബാങ്കോക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബാങ്കോക്കിലും ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ യുനാനിലും മെട്രോ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരിക്കയാണ്. 7.9 തീവ്രതയുള്ള ഭൂകമ്പമാണ് യുനാനിൽ അനുഭവപ്പെട്ടത്. 1.7 കോടിപ്പേർ പാർക്കുന്ന അംബരചുംബികളാൽനിറഞ്ഞ നഗരമാണ് ബാങ്കോക്ക്.
പ്രകമ്പനമനുഭവപ്പെട്ടതിനുപിന്നാലെ ബാങ്കോക്കിലെ ബഹുനിലക്കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു.മ്യാൻമാറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെയിലാണ് ഭൂകമ്പം കനത്തനാശംവിതച്ചത്. ഇവിടെ ഒട്ടേറെ കെട്ടിടങ്ങളും ഇരവതി നദിക്കുകുറുകെയുള്ള പഴയപാലവും അണക്കെട്ടും തകർന്നു. ദേശീയപാതകൾ രണ്ടായി മുറിഞ്ഞു. ഒരു പള്ളിയും നിലംപൊത്തി. പള്ളിയിൽ പ്രാർഥനയ്ക്കെക്കെത്തിയവരാണ് ദുരന്തത്തിനിരയായത്. തായ്‌ലാൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ചതുചാക്കിൽ നിർമാണത്തിലിരിക്കുന്ന 33-നിലക്കെട്ടിടം ഭൂകമ്പത്തിൽ തകർന്നു. അവിടെയാണ് മൂന്നുപേർ മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ 83 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് തായ് ഉപപ്രധാനമന്ത്രി ഫുംതാം വിചായചായ് പറഞ്ഞു. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ഭൂകമ്പം കനത്ത നാശംവിതച്ച മ്യാൻമാറിന്. ഇന്ത്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ സഹായം വാഗ്ദാനംചെയ്തു. അവിടങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രാർഥിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. അതിനിടെ, അവശ്യ വസ്തുക്കളുമായി വ്യോമസേനയുടെ ഐ.എ.എഫ് സി-130 ജെ വിമാനം ശനിയാഴ്ച പുലർച്ചെ മ്യാന്മറിലേക്ക് തിരിച്ചു. 15 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് ഇന്ത്യ മ്യാന്മറിലേക്ക് അയച്ചത്. മരുന്നുകൾ, ടെൻ്റുകൾ, സ്ലീപ്പിങ് ബാഗുകൾ, ബ്ലാങ്കറ്റുകൾ, പാകംചെയ്യാതെതന്നെ കഴിക്കാൻ പാകത്തിലുള്ള ഭക്ഷ്യവസ്‌തുക്കൾ, വാട്ടർ പ്യൂരിഫയറുകൾ, സോളാർ വിളക്കുകൾ, ജനറേറ്ററുകൾ, സിറിഞ്ചുകൾ തുടങ്ങിയവയാണ് വ്യോമസേനാ വിമാനത്തിൽ ഇന്ത്യ എത്തിക്കുന്നത്.