Drisya TV | Malayalam News

യുഎസ് തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ സുപ്രധാന മാറ്റങ്ങൾ : ഉത്തരവിൽ ഒപ്പുവച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

 Web Desk    26 Mar 2025

യുഎസ് തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയെയും മറ്റു ചില രാജ്യങ്ങളെയും ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി. ആധുനിക കാലത്ത് വികസിത, വികസ്വര രാജ്യങ്ങൾ ഉപയോഗിക്കുന്ന അടിസ്ഥാനപരവും കുറ്റമറ്റതുമായ തിരഞ്ഞെടുപ്പ് സംരക്ഷണങ്ങൾ നടപ്പിലാക്കുന്നതിൽ യുഎസ് ഇപ്പോൾ പരാജയപ്പെടുന്നുവെന്നും ഉത്തരവിൽ ഒപ്പുവച്ച ട്രംപ് ചൂണ്ടിക്കാട്ടി.

വോട്ടുചെയ്യുന്നതിന് യുഎസ് പാസ്പോർട്ടോ ജനന സർട്ടിഫിക്കറ്റോ നിർബന്ധമാക്കുന്ന തരത്തിലാകും ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നത്. സംസ്ഥാനങ്ങൾ വോട്ടർപട്ടിക തയ്യാറാക്കി സൂക്ഷിക്കണം. യുഎസ് പൗരന്മാർ അല്ലാത്തവരെ ഫെഡറൽ ഏജൻസികൾ കണ്ടെത്തും. തിരഞ്ഞെടുപ്പിൽ വിദേശ രാജ്യങ്ങളുടെ ഇടപെടൽ തടയുന്നതിനായി വിദേശ സംഭാവനകൾക്കും വിലക്കേർപ്പെടുത്താനാണ് നീക്കം.

ഇന്ത്യയും ബ്രസീലും പോലെയുള്ള രാജ്യങ്ങൾ ബയോമെട്രിക് വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് വോട്ടുചെയ്യാനെത്തുന്നവരെ തിരിച്ചറിയുന്നത്. എന്നാൽ യുഎസിൽ അങ്ങനെയല്ലെന്ന് ട്രംപ് പറഞ്ഞു. ജർമനിയും കാനഡയും അടക്കമുള്ള രാജ്യങ്ങൾ പേപ്പർ ബാലറ്റാണ് ഉപയോഗിക്കുന്നത്. എന്നാൽ യുഎസിൽ അടിസ്ഥാന സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത മാർഗങ്ങളാണ് അവലംബിക്കുന്നതെന്നും ട്രംപ് പറയുന്നു.

ഡെന്മാർക്കും സ്വീഡനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ മെയിൽ-ഇൻ വോട്ടുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിവരുന്ന വോട്ടുകൾ എണ്ണാറില്ല. യുഎസിൽ അക്കാര്യത്തിലും വീഴ്ചയുണ്ടാകാറുണ്ടെന്നും ട്രംപ് പറഞ്ഞു. ഉത്തരവ് വന്ന് ആറു മാസത്തിനുള്ളിൽ പുതിയ മാനദണ്ഡങ്ങൾ പ്രകാരം വോട്ടിങ് സംവിധാനങ്ങൾ അവലോകനം ചെയ്യാനും ഉചിതമായ നടപടി സ്വീകരിക്കാനും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News