Drisya TV | Malayalam News

കാറ്റിൽനിന്ന്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന്‌ സ്വകാര്യ സംരംഭകരുമായി കൈകോർക്കാൻ കെഎസ്‌ഇബി

 Web Desk    24 Jan 2025

കാറ്റിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് സ്വകാര്യ സംരംഭകരുമായി കൈകോർക്കാൻ കെഎസ്ഇബി. 500 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണിത്. അഞ്ച് വർഷത്തിനകം സംസ്ഥാനത്തെ പുനരുപയോഗ ഊർജ ഉൽപ്പാദനം ഇരട്ടിയാക്കാനുള്ള റെഗുലേറ്ററി കമീഷൻ നിർദേശവും പരിഗണിച്ചാണ് തീരുമാനം.

പദ്ധതിയിൽ താൽപര്യപത്രം ക്ഷണിക്കാൻ കെഎസ്ഇബി ഡയറക്‌ടർ ബോർഡ് യോഗം അനുമതി നൽകി. 2023--24 ൽ കാറ്റിൽനിന്ന് 214.53 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിച്ചിരുന്നു. ഇത് പലമടങ്ങ് വർധിപ്പിക്കുകയാണ് ലക്ഷ്യം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിൻഡ് എനർജിയുടെ പഠനത്തിൽ പശ്ചിമഘട്ടം കാറ്റാടി വൈദ്യുതി പദ്ധതിക്ക് അനുയോജ്യമെന്ന് കണ്ടെത്തിയിരുന്നു. 150 മീറ്റർ ഉയരത്തിൽ 2600 മെഗാവാട്ട് വരെ ഉൽപ്പാദന സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

കാറ്റാടി സ്ഥാപിക്കാൻ അനുയോജ്യ സ്ഥലവും സാങ്കേതികവിദ്യയിൽ പരിജ്ഞാനവും ഉള്ളവർക്കും സ്ഥാപനങ്ങൾക്കും പങ്കാളികളാകാം. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി യൂണിറ്റ് നിരക്കിൽ കെഎസ്ഇബി വാങ്ങും.

ഇതിനായി ടെൻഡർ ക്ഷണിക്കും.ഭൂമികൂടി നൽകി സംരംഭകരെ ആകർഷിക്കുന്ന പദ്ധതിയും പൊതു-- സ്വകാര്യ പങ്കാളിത്തത്തിലുള്ള പദ്ധതിയും ആലോചനയിലുണ്ട്. രാമക്കൽമേട്, അട്ടപ്പാടി, മാൻകുത്തിമേട്, പാപ്പൻപാറ, പൊന്മുടി എന്നിവിടങ്ങളിൽ സ്വന്തംനിലയിൽ കാറ്റാടിപ്പാടങ്ങൾ സ്ഥാപിച്ച് 370 മെഗാവാട്ട് ഉൽപ്പാദിപ്പിക്കാൻ കെഎസ്ഇബി തീരുമാനിച്ചിരുന്നു. ഇതിനുള്ള സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്നു.

  • Share This Article
Drisya TV | Malayalam News