Drisya TV | Malayalam News

ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാൻ ആകർഷകമായ യാത്രാ പാക്കേജുകളുമായി കെഎസ്ആർടിസി

 Web Desk    21 Dec 2024

കെഎസ്ആർടിസി കാഞ്ഞങ്ങാട് ഡിപ്പോയാണ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വയനാട്ടിലേക്കും പാലക്കയം തട്ടിലേക്കും സാഹസികവും മനോഹരവുമായ ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നത്. പ്രകൃതി ഭംഗി ആസ്വദിക്കാനും അവധിക്കാലം അവിസ്മരണീയമാക്കാനും ഈ യാത്രകൾ ഉപകാരപ്രദമാകും.ഡിസംബർ 21, 24, 26 തീയതികളിൽ വയനാട്ടിലേക്ക് പ്രത്യേക ഉല്ലാസ യാത്ര ഉണ്ടായിരിക്കും.വയനാടിന്റെ പ്രധാന ആകർഷണ കേന്ദ്രങ്ങളായ ബാണാസുര സാഗർ ഡാം, പ്രകൃതി രമണീയമായ പൂക്കോട് തടാകം, വയനാടൻ പൈതൃകത്തിന്റെ കാഴ്ചകളൊരുക്കുന്ന എൻ ഊര്, ഹണി മ്യൂസിയം, സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്കായി ജംഗിൾ സഫാരി എന്നിവയാണ് ഈ യാത്രയിലെ പ്രധാന ആകർഷണങ്ങൾ.അതുപോലെ ഡിസംബർ 22, 25, 27 തീയതികളിൽ പാലക്കയം തട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പൈതൽമല എന്നിവിടങ്ങളിലേക്കും കെഎസ്ആർടിസി പ്രത്യേക യാത്രകൾ ഒരുക്കിയിട്ടുണ്ട്. മലമുകളിലെ കാഴ്ചകളും കോടമഞ്ഞും ആസ്വദിക്കാനും പ്രകൃതിയുടെ മനോഹാരിതയിലേക്ക് ഒരു യാത്ര പോകാനും ആഗ്രഹിക്കുന്നവർക്ക് ഈ യാത്ര തിരഞ്ഞെടുക്കാവുന്നതാണ്.കുറഞ്ഞ ചിലവിൽ മനോഹരമായ യാത്രകൾ ആഗ്രഹിക്കുന്നവർക്ക് കെഎസ്ആർടിസിയുടെ ഈ ഉല്ലാസ യാത്രകൾ ഒരു നല്ല അവസരമാണ്. യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 9446088378, 8848007548 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

  • Share This Article
Drisya TV | Malayalam News