ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നാറിലെ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ബസ് സർവീസ് ഡിസംബർ 31ന് മന്ത്രി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തിരുന്നു. ബസിൽ എങ്ങനെയാണ് അനധികൃത ലൈറ്റ് സംവിധാനം ഒരുക്കിയിരിക്കുന്നത് എന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, എസ്. മുരളി എന്നിവരുടെ ബെഞ്ച് ആരാഞ്ഞു. ഏറെ വർഷം പഴക്കമുള്ള ബസാണ് വൻ തുക ചെലവാക്കി പുതുക്കിപ്പണിത് ഓടിക്കുന്നതെന്ന വിമർശനം നിലനിൽക്കെയാണ് അനധികൃത ലൈറ്റിങ്ങിന്റെയും മറ്റും പേരിൽ ഹൈക്കോടതിയും ഇടഞ്ഞത്.
സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് വാഹനത്തിലെ ലൈറ്റ് സംവിധാനമെന്ന് കോടതി ചൂണ്ടിക്കാട്ടി. സുരക്ഷയ്ക്കായുള്ള മാർഗനിർദേശങ്ങൾ പൂർണമായും ലംഘിക്കപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുകയായിരുന്നു കോടതി. കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും. വിഷയത്തിൽ കെഎസ്ആർടിസി വിശദീകരണം നൽകണം.
ബസിന്റെ മുകൾ ഭാഗത്തും ബോഡിയിലും ഘടിപ്പിച്ചിട്ടുള്ള സുതാര്യമായ ഗ്ലാസ് പാനലുകൾ വഴി ടൂറിസ്റ്റുകൾക്ക് കാഴ്ച ആസ്വദിക്കാം. മുകൾ നിലയിൽ 38 പേർക്കും താഴത്തെ നിലയിൽ 12 പേർക്കുമായി മൊത്തം 50 സഞ്ചാരികൾക്ക് ഒരു സമയം യാത്ര ചെയ്യാവുന്ന തരത്തിലാണ് ബസ് തയാറാക്കിയിരിക്കുന്നത്.