Drisya TV | Malayalam News

കാട്ടാനയെ കിണറ്റിൽ തന്നെ മണ്ണിട്ട് മൂടണമെന്ന് പി.വി അൻവർ

 Web Desk    24 Jan 2025

മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ കിണറ്റിൽ തന്നെ മണ്ണിട്ട് മൂടണമെന്ന് പി.വി അൻവർ . കേരളം തുറന്നിട്ട മൃഗശാലയായി മാറി. ജനവാസ മേഖലയിൽ വനംവകുപ്പ് ആനയെ മേയാൻ വിടുന്നു. കേരളത്തിലെ വനംവകുപ്പ് ഓഫീസുകൾ പ്രവർത്തിക്കാൻ ജനങ്ങൾ അനുവദിക്കരുതെന്നും അൻവർ പറഞ്ഞു. ദൈവത്തിന്‍റെ സ്വന്തം നാട് മൃഗങ്ങളുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ്. ഇങ്ങനെ കിണറ്റില്‍ വീഴുന്ന അവിടെ തന്നെ മണ്ണിട്ടു മൂടി കൊന്നുകളയണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ആനയെ മയക്കുവെടി വയ്ക്കുമെന്നാണ് ഒടുവില്‍ പുറത്തുവന്ന വിവരം. 12 മണിക്കൂറോളമായി ആന കിണറ്റിൽ കുടുങ്ങി കിടക്കുകയാണ്. 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്. ആനയെ മയക്കുവെടി വയ്ക്കാനുള്ള നടപടികളിലേക്ക് കടന്നതായി നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി. കാർത്തിക് പറഞ്ഞു. നഷ്ടപരിഹാരം നൽകിയിട്ട് ആനയെ കരയ്ക്ക് കയറ്റിയാൽ മതിയെന്ന നിലപാടിലാണ് കേരള കോൺഗ്രസ്‌ എം കർഷക സംഘടന.

കഴിഞ്ഞ കുറേ മാസങ്ങളായി കാട്ടനക്കൂട്ടം പ്രദേശത്ത് തമ്പടിക്കുന്നുണ്ട്. എന്നാൽ അധികൃതരെ വിവരം അറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആന കിണറ്റിൽ വീണതോടെ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്. ആനയെ പ്രദേശത്തെ വനപ്രദേശത്തു തുറന്നു വിടാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.

  • Share This Article
Drisya TV | Malayalam News