Drisya TV | Malayalam News

വർഷങ്ങളായി കരമടച്ചിരുന്ന 18സെന്റ് ഭൂമി സർക്കാർ രേഖകളിൽ 0.6 സെന്റ് മാത്രം 

 Web Desk    18 Jan 2025

53 വർഷങ്ങൾക്ക് മുമ്പ് ഭാഗപത്രത്തിലൂടെ ലഭിച്ച 18 സെൻ്റ് ഭൂമി കരമടയ്ക്കാൻ എത്തിയപ്പോൾ രേഖകളിൽ നിന്നും അപ്രത്യക്ഷമായത്.കാട്ടാക്കട താലൂക്കിലെ വിളവൂർക്കൽ വില്ലേജിൽ പരേതയായ എം.സുഭദ്രാമ്മയുടെ പേരിലുള്ള ഭൂമിയാണ് രേഖകളിൽ നിന്നും അപ്രത്യക്ഷമായത്.ഭൂമി ആരും കയ്യേറിയിട്ടില്ലെങ്കിലും സർക്കാർ രേഖകളിൽ കുറവ് വന്നതാണ് കുടുംബത്തെ ആശങ്കയിലാക്കിയത്. 2014 വരെയുള്ള ഭൂനികുതി രസീതിൽ ഭൂമിയുടെ വിസ്തീർണം 7.02 ആർ (ഏകദേശം 18 സെന്റ്) എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. മാതാവിന്റെ മരണശേഷം ഇരുവരും കഴിഞ്ഞ വർഷമാണു വീണ്ടും ഭൂനികുതി അടയ്ക്കാൻ പോയത്. ഓൺലൈനിൽ അടച്ചപ്പോൾ ഇത് 26 ചതുരശ്ര മീറ്റർ (ഏകദേശം 0.6 സെന്റ്) ആയി കുറഞ്ഞു. ഭൂമിയിൽ നല്ലൊരു പങ്കും മറ്റൊരുടെയൊക്കെയോ പേരിലേക്കു മാറിയെന്നാണു വില്ലേജിലെ ഓൺലൈൻ രേഖകളിൽ വ്യക്തമായത്. 

ഇതോടെ മക്കൾ കഴിഞ്ഞ ഓഗസ്റ്റിൽ വിളവൂർക്കൽ വില്ലേജ് ഓഫിസിൽ എത്തി അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് പരാതിക്കാർ പ്രതികരിക്കുന്നത്. തുടർന്ന് വില്ലേജ് ഓഫിസർക്കും കാട്ടാക്കട തഹസിൽദാർക്കും പരാതി നൽകി. അന്വേഷണം മുറപോലെ നടന്നെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. ഒടുവിൽ കലക്ടർക്കും റവന്യു വിജിലൻസ് ഡപ്യൂട്ടി കലക്ടർക്കും നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതോടെ ഡേറ്റ എൻട്രിയിൽ സംഭവിച്ച പിഴവാണെന്ന് കണ്ടെത്തി വില്ലേജ് ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News