കഷായത്തിൽ കീടനാശിനി കലർത്തി നൽകി മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയെന്ന കേസിൽ ശിക്ഷാ വിധി ഇന്നുണ്ടാകില്ല. കോടതി വിധിയിലെ അന്തിമ വാദമായിരിക്കും ഇന്ന് നടക്കുക. അന്തിമ വാദത്തിനു ശേഷമാകും ശിക്ഷ വിധി എന്നാണെന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിലാണ് അന്തിമവാദം. രാവിലെ 11 മണിക്ക് കോടതി നടപടികൾ ആരംഭിക്കും.ഒന്നാം പ്രതി കാമുകി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (22), അമ്മാവനും മൂന്നാം പ്രതിയുമായ നിർമലകുമാരൻ നായർ എന്നിവർ കുറ്റക്കാര എന്നു നെയ്യാറ്റിൻകര അഡിഷനൽ സെഷൻസ് കോടതി വിധിച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും.
ഒന്നാം പ്രതിയായ ഗ്രീഷ്മയെ രാവിലെ ഒമ്പതരയോടെ തിരുവനന്തപുരം വനിതാ ജയിലിൽ നിന്ന് നെയ്യാറ്റിൻകര കോടതിയിലേക്ക് കൊണ്ടുപോയി. ഇന്നലെ വിധി കേൾക്കാൻ ഷാരോണിന്റെ മാതാപിതാക്കൾ എത്തിയിരുന്നില്ല. ഇന്ന് ശിക്ഷാവിധി കേൾക്കാർ രക്ഷിതാക്കൾ കോടതിയിലെത്തും. ഗ്രീഷ്മയുടെ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്നായിരിക്കും പ്രതിഭാഗത്തിന്റെ വാദം.
തെളിവുകളുടെ അഭാവത്തിൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.ഷാരോൺ മരിച്ച് രണ്ടു വർഷം കഴിയുമ്പോഴാണ് കേസിൽ വിചാരണ പൂർത്തിയാക്കി നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിക്കുന്നത്.