മാജിക് മഷ്റൂം അടങ്ങിയിരിക്കുന്ന ലഹരി വസ്തുവിന്റെ അളവ് കണക്കാക്കാത്ത സാഹചര്യത്തിൽ ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഭ്രമാത്മകത ഉണ്ടാക്കുന്ന സിലോ സൈബിന്റെ അളവ് മാജിക് മഷ്റൂമിൽ കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ മഷ്റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് എന്നു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു.
226 ഗ്രാം മാജിക് മഷ്റൂമും 50 ഗ്രാം മാജിക് മഷ്റൂം ക്യാപ്സൂളുകളുമാണ് ബംഗളൂരു സ്വദേശിയിൽ നിന്നും പിടിച്ചെടുത്തത്. വയനാട് വെച്ചു നടന്ന സംഭവത്തിൽ എൻഡിപിഎസ് ആക്ട് പ്രകാരം ആയിരുന്നു പോലീസ് നടപടി. ഈ കേസിലാണ് ജാമ്യഹർജിയും ആയി ഇയാൾ ഹൈക്കോടതി സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി ഷെഡ്യൂളിൽ ഉൾപ്പെടുന്ന ലഹരിപദാർഥമല്ല മാജിക് മഷ്റൂം എന്ന് വ്യക്തമാക്കി.
നേരത്തെ ഈ വിഷയത്തിൽ തമിഴ്നാട് കർണാടക ഹൈക്കോടതികൾ പുറപ്പെടുവിച്ച ഉത്തരവുകൾ അടിസ്ഥാനമാക്കിയാണ് ഹൈക്കോടതി തീരുമാനം. ഒരു ലക്ഷം രൂപ ആൾ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാവുക, രാജ്യം വിട്ടു പോകരുത് എന്നീ വ്യവസ്ഥകളിൽ ആണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. വ്യവസ്ഥകൾ ലംഘിച്ചാൽ പ്രോസിക്യൂഷന് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.