ചേന്ദമംഗലത്ത് ദമ്പതികളെയും മരുമകളെയും അടിച്ചുകൊന്ന കേസിലെ പ്രതി അയൽവാസിയായ ഋതുവിനെ ചോദ്യം ചെയ്തപ്പോൾ പ്രകടിപ്പിച്ച മാനസികാവസ്‌ഥ ഇതാണെന്നാണ് പൊലീസ് പറയുന്നത്. തന്റെ കുടുംബത്തെ നിരന്തരം അധിക്ഷേപിച്ചതിനാലും സഹോദരിയെക്കുറിച്ച് ജിതിൻ ബോസ് മോശമായി സംസാരിച്ചതിനാലുമാണ് കൂട്ടക്കൊല നടത്തിയതെന്നും ഇയാൾ പറയുന്നു.കൊലപാതകത്തിനു പിന്നാലെ ഇന്നലെ കസ്റ്റഡിയിലെടുത്ത ഋതുവിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി.
ആക്രമണത്തിന്റെ സമയത്ത് ഋതു മദ്യപിച്ചിരുന്നില്ലെന്ന് ഇന്നലെ രാത്രി നടത്തിയ വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ രക്തസാംപിളുകളും മറ്റും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.രണ്ടു ദിവസം മുൻപാണ് ഋതു ബെംഗളൂരുവിൽ നിന്ന് ചേന്ദമംഗലത്തെത്തിയത്. ജിതിൻ തന്റെ സഹോദരിയെ കുറിച്ച് മോശമായി സംസാരിച്ചെന്നും അതിനാൽ ഇയാളെ ആക്രമിക്കാനാണ് ചെന്നതെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
ഋതു ആക്രമിക്കാൻ ചെന്നപ്പോൾ ജിതിന്റെ ഭാര്യ വിനീഷയാണ് ആദ്യം പുറത്തിറങ്ങി വന്നത്. വിനീഷയെ തലയ്ക്കടിച്ചു വീഴ്ത്തിയതിനു പിന്നാലെ പുറത്തുവന്ന ജിതിനെ തലയ്ക്കടിക്കുകയും കത്തി കൊണ്ട് കുത്തുകയുമായിരുന്നു. ബഹളം കേട്ട് പുറത്തുവന്ന വേണുവിനെയും ഭാര്യ ഉഷയെയും തലയ്ക്കടിച്ചു വീഴ്ത്തി. വിനീഷയുടെ തലയിൽ എട്ട് സെന്റീമീറ്റർ നീളത്തിൽ മുറിവുണ്ട്. വേണുവിന്റെ തലയിൽ ആറിടത്തും ഉഷയുടെ തലയിൽ മൂന്നിടത്തും മുറിവുകളുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയിൽ ഗുരുതരാവസ്ഥയിലാണ് ജിതിൻ.
കൊലപാതകത്തിനു ശേഷം ജിതിന്റെ സ്കൂട്ടറിലാണ് പ്രതി പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടത്. വഴിയിൽ ഇറങ്ങി സിഗരറ്റ് വാങ്ങി കത്തിച്ച് ഹെൽമറ്റ് വയ്ക്കാതെ വണ്ടിയെടുക്കാൻ തുടങ്ങുമ്പോൾ പട്രോളിങ്ങിനായി വന്ന വടക്കേക്കര പൊലീസ് ഇയാളെ തടയുകയായിരുന്നു. പന്തികേടു മണത്ത് ചോദ്യം ചെയ്‌തപ്പോഴാണ് താൻ നാലു പേരെ കൊന്നുവെന്നും സ്റ്റേഷനിലേക്ക് വരികയായിരുന്നു എന്നും ഇയാൾ പറയുന്നത്. പിന്നീട് അക്രമസ്വഭാവങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.