Drisya TV | Malayalam News

കൊല്ലം-ദിണ്ടിക്കൽ ദേശീയപാതയിൽ പുതിയ ബൈപ്പാസ് നിർമിക്കാൻ ഏകദേശധാരണ

 Web Desk    18 Jan 2025

കൊല്ലം-ദിണ്ടിക്കൽ ദേശീയപാതയിൽ (എൻ.എച്ച്. 183, കെ.കെ.റോഡ്) പുതിയ ബൈപ്പാസ് നിർമിക്കാൻ ഏകദേശധാരണ. മണിപ്പുഴയിൽനിന്ന് തുടങ്ങുന്നതിനുപകരം ബൈപ്പാസ് മുളങ്കുഴയിൽനിന്ന് ആരംഭിക്കും.മുളങ്കുഴയിൽനിന്ന് തുടങ്ങി ഈരയിൽക്കടവ് റോഡുവഴി കോട്ടയം- കറുകച്ചാൽ, പുതുപ്പള്ളി-മണർകാട്, പുതുപ്പള്ളി-പയ്യപ്പാടി, പയ്യപ്പാടി-കൊച്ചുമറ്റം റോഡുകൾ മറികടന്ന് പാമ്പാടി എട്ടാംമൈലിൽ പ്രവേശിക്കുന്നവിധത്തിലാണ് രൂപരേഖ.

ഫലത്തിൽ, എം.സി.റോഡും കെ.കെ.റോഡും തമ്മിൽ ബന്ധിപ്പിക്കും.നിലവിലുള്ള ഈരയിൽക്കടവ് റോഡ് മുന്നോട്ടുനീട്ടി കാക്കൂർ ജങ്ഷൻ-മുളങ്കുഴ വഴി ദേശീയപാതയിൽ പ്രവേശിക്കണമെന്ന നിർദേശവും യോഗം അംഗീകരിച്ചു.ഏഴുകിലോമീറ്റർ പാടത്തുകൂടിയാണ് റോഡ് പോകുന്നത്. ദേശീയപാതയിൽ കൊടുങ്ങൂർ, 14-ാംമൈൽ, പുളിക്കൽക്കവല, പാമ്പാടി എന്നീ ജങ്ഷനുകളിൽ പുതിയ ബൈപ്പാസ് നിർമിക്കണമെന്ന് നിർദേശമുണ്ടായി. ഇതുസംബന്ധിച്ച് പുതിയ രൂപരേഖ തയ്യാറാക്കും.പാമ്പാടി ജങ്ഷനിലെ റോഡ് വീതി കൂട്ടുന്നതിലെ പ്രശ്ന‌ങ്ങൾ കണക്കിലെടുത്ത്, വട്ടമലപ്പടിയിൽ തുടങ്ങി കോത്തല 12-ാംമൈലിൽ എത്തുന്നവിധത്തിലുള്ള പാമ്പാടി ബൈപ്പാസിന്റെ സാധ്യത പരിശോധിക്കാൻ യോഗത്തിൽ ധാരണയായി.

കുമളിമുതൽ കോട്ടയംവരെ 24 മീറ്ററും കോട്ടയംമുതൽ കൊല്ലംവരെ 30 മീറ്റർ വീതിയിലും റോഡ് വികസിപ്പിക്കാനാണ് ദേശീയപാത വിഭാഗം തീരുമാനിച്ചിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കാൻ പ്രയാസമുള്ള മണർകാടുമുതൽ കോടിമതവരെയുള്ള ഭാഗം ഒഴിവാക്കുന്നതിനാണ് ബൈപ്പാസ് എന്ന ആശയം ഉയർന്നത്. മോർത്ത് (ദേശീയ ഉപരിതലഗതാഗത മന്ത്രാലയം) ആണ് റോഡ് രൂപരേഖ തയ്യാറാക്കിയത്. 12.600 കിലോമീറ്റർ ദൂരത്തിലും 30 മീറ്റർ വീതിയിലുമാണ് റോഡ്. ഇതിനൊപ്പം നിലവിലുള്ള കെ.കെ.റോഡ് 14 മീറ്റർ വീതിയിൽ നവീകരിക്കും.

  • Share This Article
Drisya TV | Malayalam News