നിര്‍മ്മിത ബുദ്ധിയുടെ വരവ് വലിയ ചലനമാണ് ലോകത്താകെയുണ്ടാക്കിയിരിക്കുന്നത്. വിവരങ്ങള്‍ അറിയാനും, പഠനത്തിനും തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കാണ് ചാറ്റ് ജിപിടി അടക്കമുള്ള നിര്‍മ്മിത ബുദ്ധി ചാറ്റ് ബോട്ടുകള്‍ ഉപയോഗിക്കപ്പെടുന്നത്. റെസ്യൂമി ഉണ്ടാക്കാനും അതിന്റെ കവര്‍ ലെറ്റര്‍ ഉണ്ടാക്കാനുമൊക്കെ എഐയെ ഉപയോഗിക്കുന്നവരുണ്ട് എന്നാല്‍ എഐ സഹായം അടുത്തതലത്തിലേക്ക് കൊണ്ടുപോയിരിക്കുകയാണ് ഒരു യുവാവ്.
ജോലി അപേക്ഷകള്‍ നല്‍കാന്‍ എഐയെയാണ് ഈ വിരുതന്‍ ചുമതലപ്പെടുത്തിയത്. രാത്രി കിടക്കുന്നതിന് മുമ്പാണ് 'ജോലി' എഐയെ ഏല്‍പ്പിച്ചത്. എഴുന്നേറ്റപ്പോള്‍ തനിക്ക് അവിശ്വസനീയമായ ഫലങ്ങളാണ് ലഭിച്ചതെന്ന് റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റില്‍ യുവാവ് പറയുന്നു. ഇയാള്‍ തന്നെ നിര്‍മ്മിച്ച എഐ ബോട്ട് ആണ് ജോബ് ഹണ്ടിന് ഉപയോഗിച്ചതെന്നും യുവാവ് അവകാശപ്പെടുന്നുണ്ട്.
താന്‍ കട്ടിലില്‍ സുഖകരമായി ഉറങ്ങുമ്പോള്‍ എഐ ബോട്ട് തനിക്ക് വേണ്ടി ജോലി തേടുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. ഉദ്യോഗാര്‍ത്ഥിയുടെ വിവരങ്ങളും ജോലി സംബന്ധിച്ച വിവരങ്ങളും പരിശോധിച്ച് വേറിട്ട അപേക്ഷയും റെസ്യൂമിയും കവര്‍ ലെറ്ററും അടക്കം എഐ തയ്യാറാക്കി. സ്വയം വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്ക് അപേക്ഷിക്കുകയും ചെയ്തു. ഒരു മാസത്തിനുള്ളില്‍ ഇങ്ങനെ 50 ഇടത്തുനിന്നാണ് തന്നെ അഭിമുഖത്തിന് വിളിച്ചതെന്നാണ് യുവാവ് പറയുന്നത്.