Drisya TV | Malayalam News

രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും തിളക്കമേറിയ വാല്‍നക്ഷത്രത്തെ കാണാന്‍ ഈ മാസം അവസരം

 Web Desk    11 Jan 2025

2025 ജനുവരി 13നെ കോമറ്റ് ജി3 അറ്റ്‌ലസ് (C/2024) എന്ന വാല്‍നക്ഷത്രം മനോഹരമാക്കും. സൂര്യനോട് ഏറ്റവും അടുത്ത് ഈ ധുമകേതു എത്തിച്ചേരുന്ന ദിവസമാണത്.നിലവില്‍ ഭൂമിയില്‍ നിന്ന് കാണാനാവുന്ന ഗ്രഹങ്ങളായ വ്യാഴത്തെയും ശുക്രനെയും തിളക്കം കൊണ്ട് കോമറ്റ് ജി3 അറ്റ്‌ലസ് വാല്‍നക്ഷത്രം പിന്നിലാക്കിയേക്കും.

ചിലിയിലെ അറ്റ്‌ലസ് ദൂരദര്‍ശിനിയാണ് കോമറ്റ് ജി3യെ 2024 ഏപ്രില്‍ അഞ്ചിന് കണ്ടെത്തിയത്. തിരിച്ചറിയുമ്പോള്‍ ഭൂമിയില്‍ നിന്ന് 655 ദശലക്ഷം കിലോമീറ്റര്‍ അകലെയായിരുന്നു ഇതിന്‍റെ സ്ഥാനം.കോമറ്റ് ജി3 അറ്റ്‌ലസിന് സൂര്യനെ ചുറ്റാൻ ഏകദേശം 160,000 വർഷമെടുക്കും. ഇത്രയും ദൈര്‍ഘ്യമേറിയ ഭ്രമണപഥത്തിലൂടെയാണ് സഞ്ചാരം എന്നതിനാല്‍ ഈ ധൂമകേതുവിനെ ഇനിയെന്ന് കാണുമെന്ന് നമുക്ക് ഊഹിക്കാന്‍ കൂടി കഴിയില്ല. അതിനാലാണ് ജനുവരി 13ലെ ആകാശക്കാഴ്‌ച അത്യപൂര്‍വ വിസ്‌മയമായി മാറുന്നത്. ജനുവരി 13ന് ദൃശ്യമാകുന്ന കോമറ്റ് ജി3 അറ്റ്‌ലസ് വണ്‍സ്-ഇന്‍-എ-ലൈഫ്‌ടൈം അനുഭവമായിരിക്കും വാനനിരീക്ഷകര്‍ക്ക് സമ്മാനിക്കുക.

കോമറ്റ് ജി3 അറ്റ്‌ലസ് ജനുവരി 13ന് സൂര്യോപരിതലത്തിന് 8.7 ദശലക്ഷം മൈല്‍ മാത്രം അടുത്തെത്തും. ഭൂമി ഇതിനേക്കാള്‍ പതിന്‍മടങ്ങ് അകലത്തിലാണ് സൂര്യനെ വലംവെക്കുന്നത്. സൂര്യന് ഇത്രയും അടുത്ത് സാധാരണയായി വാല്‍നക്ഷത്രങ്ങള്‍ എത്താറില്ല. അതിനാല്‍ സൂര്യനെ അതിജീവിക്കുമോ ഈ വാല്‍നക്ഷത്രം എന്ന സംശയം സജീവമാണ്. സൂര്യന് വളരെ അടുത്തെത്തും എന്നതുകൊണ്ടുതന്നെ കോമറ്റ് ജി3യ്ക്ക് തിളക്കവുമേറും. എന്നാല്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കോമറ്റ് ജി3 അറ്റ്‌ലസ് ധൂമകേതുവിനെ കാണുക പ്രയാസമായിരിക്കും. എന്തായാലും ദൂരദര്‍ശിനികളുടെ സഹായത്തോടെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ കോമറ്റ് ജി3 അറ്റ്‌ലസിനെ നിരീക്ഷിച്ചുവരികയാണ്. 160,000 വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന ഗ്രഹങ്ങളേക്കാള്‍ തിളക്കത്തില്‍ വാല്‍നക്ഷത്രത്തെ കാണാന്‍ ഈ മാസം അവസരമൊരുങ്ങുകയാണ്.

  • Share This Article
Drisya TV | Malayalam News