Drisya TV | Malayalam News

ഹൗസ് അറസ്റ്റ് ചെയ്യുന്നതിനായി വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു യുവതിയെ വിളിച്ച തട്ടിപ്പുകാർ യുവതിയുടെ മറുപടി കേട്ടു അന്തംവിട്ടു

 Web Desk    11 Jan 2025

പണം തട്ടിക്കാൻ വേണ്ടി പഠിച്ചപണി പതിനെട്ടുമായി ഇറങ്ങിയിരിക്കുകയാണ് തട്ടിപ്പുകാർ.ഇവർ മിക്കവാറും വിളിക്കുന്നത് പൊലീസാണ്, ക്രൈം ബ്രാഞ്ചാണ് എന്നൊക്കെ പറഞ്ഞായിരിക്കും, പിന്നാലെ ഡിജിറ്റൽ അറസ്റ്റ്. ഇങ്ങനെ പണം നഷ്ടപ്പെടുന്നവർ അനവധിയാണ്.

യുവതിയെ വിളിച്ച തട്ടിപ്പുകാർ പറഞ്ഞത്, താൻ ലഖ്‌നൗവിൽ നിന്നുള്ള സൈബർ ക്രൈംബ്രാഞ്ച് ഓഫീസർ ആണെന്നാണ്. എന്നാൽ, സൈബർ തട്ടിപ്പ് നടത്തുന്ന ഇത്തരം ആളുകളെ കുറിച്ച് യുവതിക്ക് നല്ല ധാരണയുണ്ടായിരുന്നു. എന്തായാലും യുവതിയെ ഭീഷണിപ്പെടുത്താൻ നോക്കി. സൈബർ ക്രൈംബ്രാഞ്ച് ഓഫീസറാണ് എന്നും യുവതിയെ ഹൗസ് അറസ്റ്റ് ചെയ്യുന്നതിനായി അവളുടെ വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് എന്നും ഇയാൾ പറഞ്ഞു. 

 അവളുടെ മൊബൈൽ ഫോണിൽ നിയമവിരുദ്ധമായ ചില റെക്കോർഡിം​ഗുകൾ ഉണ്ടെന്നും അതിനാലാണ് വീട്ടിലേക്ക് വരുന്നത് എന്നും അയാൾ പറഞ്ഞു. അതുപോലെ, യൂട്യൂബിൽ വാച്ച് ഹിസ്റ്ററി പരിശോധിക്കാനും ഇവർ ആവശ്യപ്പെട്ടു. ഇതുപോലുള്ള കേസിൽ എട്ട് സ്ത്രീകളുൾപ്പെടെ 21 പേരെ സൈബർ ക്രൈംബ്രാഞ്ച് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതിൽ കോൺസ്റ്റബിളായി ജോലി ചെയ്യുന്ന ഒരാളും കൂടി ഉണ്ടെന്നും ഇയാൾ അവകാശപ്പെട്ടു.

സം​ഗതി സത്യമാണ് എന്ന് തോന്നിക്കാനായി ചില നാടകങ്ങളുമുണ്ടായിരുന്നു കൂട്ടിന്. അതിനായി, പൊലീസ് വാഹനത്തിന്റെ സൈറണും ഇവർ കേൾപ്പിച്ചു. എന്തായാലും ഇതൊക്കെ കേട്ട യുവതി പറഞ്ഞത്, 'നിങ്ങളേതായാലും എന്റെ വീട്ടിലേക്ക് വരുന്നതല്ലേ, വരുന്ന വഴിക്ക് ഒരു മോമോസ് കടയുണ്ട് അവിടെ നിന്നും മോമോസ് കൂടി വാങ്ങിക്കോളൂ' എന്നാണ്. 

ഇത് കേട്ടതോടെ അവർ ആകെ അന്തിച്ചുപോയി, പിന്നീട് സൈറൺ ശബ്ദമൊക്കെ കുറച്ച് 'എന്താ ഇപ്പോൾ പറഞ്ഞത്' എന്ന് അന്വേഷിച്ചു. യുവതി വീണ്ടും താൻ പറഞ്ഞത് തന്നെ ആവർത്തിച്ചു. ഒപ്പം മയോണൈസ് വാങ്ങാൻ മറക്കണ്ട എന്ന് കൂടി കൂട്ടിച്ചേർത്തു. അതോടെ സം​ഗതി ഏറ്റില്ല എന്ന് മനസിലായ തട്ടിപ്പുകാരൻ 'നിങ്ങളെ വേണ്ടവിധത്തിൽ ഞങ്ങൾ സ്വീകരിക്കുന്നുണ്ട്' എന്ന് പറഞ്ഞുകൊണ്ട് കോൾ കട്ടാക്കുകയായിരുന്നത്രെ.

  • Share This Article
Drisya TV | Malayalam News