വടക്കുകിഴക്കന്‍ ചൈനയിലെ ലിയോണിംഗ് പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ജീവനക്കാരോട് വ്യത്യസ്തമായ ടീം ബില്‍ഡിംഗ് അഭ്യാസം നടത്താന്‍ നിര്‍ബന്ധിച്ചത്.റോങ് റോംഗ് എന്ന യുവതി താന്‍ ജോലി ചെയ്ത സ്ഥാപനത്തില്‍നിന്നും ഉണ്ടായ ഒരു മോശം അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ പലരും അത്ഭുതപ്പെട്ടിരിക്കുകയാണ്. ടീം ബില്‍ഡിംഗ് ലക്ഷ്യമിട്ടുള്ള ട്രെയിനിംഗിന്റെ ഭാഗമായി റോങ് റോംഗിനോട് തീ വിഴുങ്ങി കാണിക്കാനാണത്രേ കമ്പനി ആവശ്യപ്പെട്ടത്. തങ്ങളുടെ തൊഴിലാളികള്‍ക്ക് അവരുടെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനും എല്ലാ ഭയങ്ങളെയും തരണം ചെയ്യാനും ഈ പ്രവൃത്തിയിലൂടെ സാധിക്കുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. മാത്രമല്ല ഇത്തരം ട്രെയിനിംഗുകള്‍ വിജയം നേടാനും പണം സ്വരൂപിക്കാനുമുളള ജീവനക്കാരുടെ കഴിവിനെ മെച്ചപ്പെടുത്തുമെന്നുമാണ് കമ്പനിയുടെ വാദം.
കുറച്ച് പഞ്ഞി കത്തിച്ച ശേഷം തന്നോട് വിഴുങ്ങി കാണിക്കാനാണ് പറഞ്ഞതെന്ന് യുവതി പറയുന്നു. ജോലി പോകുമോ എന്ന് പേടിച്ച് ആ സമ്മര്‍ദ്ദത്തില്‍ പേടിയോടെ അവര്‍ അത് ചെയ്യുകയും ചെയ്തു. വിദഗ്ധ പരിശീലനം ആവശ്യമുളള കാര്യമാണ് തീവിഴുങ്ങല്‍, താന്‍ വായില്‍ ഉമിനീര്‍ നിര്‍ത്തിക്കൊണ്ടാണ് ഇത് ചെയ്തതെന്ന് റോങ് റോംഗ് പറയുന്നു. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ കമ്പനിയില്‍ താന്‍ ജോലി ചെയ്തിട്ടുള്ളൂ എന്നും റോങ് പറയുന്നുണ്ട്.
പരിപാടി തൊഴില്‍ നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും കമ്പനിക്കെതിരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കി നടപടി എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ ഈ ആരോപണങ്ങളോട് കമ്പനി പ്രതികരിച്ചിട്ടില്ല.
ചൈനയില്‍ ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള ടീം ബില്‍ഡിംഗ് അഭ്യാസങ്ങള്‍ നടക്കുന്നത്. തെരുവിലൂടെ ഇഴയുക, അപരിചിതരെ കെട്ടിപ്പിടിക്കുക, എന്നിങ്ങനെയൊക്കെയുളള പല വ്യത്യസ്തതരം രീതികള്‍ മുന്‍പും പല കമ്പനികളും നടത്തിയിട്ടുണ്ട്. ഇത്തരം മോശമായ ടീംബില്‍ഡിംഗ് വര്‍ക്കുകള്‍ ജീവനക്കാര്‍ക്ക് അനാവശ്യ വേദനയും കഷ്ടപ്പാടുനാണ് നല്‍കുന്നതെന്ന് പലരും വിമര്‍ശിക്കുന്നുണ്ട്.