ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ, സൗരോർജ്ജം പ്രയോജനപ്പെടുത്താൻ ഉദ്ദേശിച്ചുള്ള മറ്റൊരു പദ്ധതി പ്രഖ്യാപിച്ച് ചൈന. ഭൂമിക്ക് മുകളിലുള്ള മറ്റൊരു ത്രീ ഗോർജസ് ഡാം പദ്ധതി എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ റിപ്പോർട്ട് പദ്ധതിയെ വിശേഷിപ്പിച്ചത്. നിലവിൽ ലോകത്തെ ഏറ്റവും വലിയ അണക്കെട്ടാണ് യാങ്സീ നദിയിലെ ത്രീ ഗോർജസ് അണക്കെട്ട്.
പ്രമുഖ ചൈനീസ് റോക്കറ്റ് ശാസ്ത്രജ്ഞനായ ലോംഗ് ലെഹാവോയാണ് ആശയം രൂപപ്പെടുത്തിയത്. ഭൂമിയിൽ നിന്ന് 36,000 കിലോമീറ്റർ ഉയരത്തിൽ ഒരു കിലോമീറ്റർ വീതിയുള്ള സോളാർ വ്യൂഹം സ്ഥാപിക്കുകയാണ് ലക്ഷ്യം. രാത്രി-പകൽ പ്രതിഭാസം ബാധിക്കാതെ മുഴുവൻ സമയവും സൗരോർജം ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിൽ പ്രതിവർഷം 100 ബില്യൺ കിലോവാട്ട് പദ്ധതിയോടാണ് ലോംഗ് പദ്ധതിയെ ഉപമിച്ചത്.
പദ്ധതിയിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ ലഭിക്കുന്ന ഊർജ്ജം ഭൂമിയിൽ നിന്ന് ലഭിക്കുന്ന ആകെ എണ്ണയുടെ അളവിന് തുല്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ നടത്തിപ്പിന്ന് സൂപ്പർ ഹെവി റോക്കറ്റുകളുടെ വികസനവും വിന്യാസവും ആവശ്യമാണ്. ഇതിനായി ചൈനയുടെ ബഹിരാകാശ സാങ്കേതിക മികവ് വരും വർഷങ്ങളിൽ വൻ കുതിച്ചുചാട്ടം നടത്തേണ്ടിവരും. റോക്കറ്റിൻ്റെ പ്രധാന ഉപയോഗം ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള സൗരോർജ്ജ നിലയങ്ങളുടെ നിർമ്മാണമായിരിക്കുമെന്നും ലോംഗ് പറഞ്ഞു.