Drisya TV | Malayalam News

ജപ്പാനും ചൈനയ്ക്കും പിന്നാലെ ജനനനിരക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തി റഷ്യയും

 Web Desk    9 Jan 2025

25 വയസ്സിന് താഴെയുള്ള വിദ്യാർഥികൾക്കായി പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് റഷ്യൻ റിപ്പബ്ലിക്കായ കരേലിയ. ആരോഗ്യമുള്ള കുഞ്ഞിന് ജന്മംനൽകുന്ന വിദ്യാർത്ഥിനികൾക്ക് ഒരു ലക്ഷം റൂബിൾ (ഏകദേശം 81,000 രൂപ) രൂപ നൽകുന്നതാണ് പദ്ധതി. മോസ്കോ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.2025 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽവരുന്നതാണ് ഈ 'പ്രസവ പ്രോത്സാഹന' നയം. 25 വയസ്സിന് താഴെയുള്ള ആളായിരിക്കണം. ഒരു പ്രാദേശിക സർവ്വകലാശാലയിലോ കോളേജിലോ മുഴുവൻ സമയ വിദ്യാർത്ഥിയും കരേലിയയിലെ താമസക്കാരിയും ആയിരിക്കണം എന്നിങ്ങനെയാണ് പദ്ധതിയിലെ നിബന്ധനകൾ.

യുക്രൈനുമായുള്ള യുദ്ധത്തിന് പിന്നാലെ വിദേശത്തേക്കുള്ള പൗരന്മാരുടെ പലായനവും രൂക്ഷമായ ജനസംഖ്യാപരമായ പ്രതിസന്ധിയും രാജ്യം അഭിമുഖീകരിക്കുന്നതിനിടെയാണ് റഷ്യയിൽ ഇത്തരത്തിലുള്ള നയങ്ങൾ കൊണ്ടുവരുന്നത്.റഷ്യയിലെ ജനനനിരക്ക് നിലവിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. 2024-ൻ്റെ ആദ്യ പകുതിയിൽ 599,600 കുട്ടികളാണ് റഷ്യയിൽ ജനിച്ചത്.25 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കൂടാതെ റഷ്യൻ സർക്കാർ പ്രസവസംബന്ധമായ ആനുകൂല്യങ്ങളും ഈ വർഷം ഉയർത്തിയിട്ടുണ്ട്. ആദ്യമായി അമ്മയാകുന്നവർക്ക് 677,000 റൂബിൾസ് (569,627 രൂപ) ആണ് നൽകുന്നത്. കഴിഞ്ഞ വർഷം ഇത് 630,400 (530,418 രൂപ) റൂബിൾസായിരുന്നു. രണ്ടാമത്തെ കുഞ്ഞിന് 894,000 റൂബിൾസാണ് കിട്ടുക.2024-ൽ ഇത് 833,000 റൂബിൾസായിരുന്നു.

  • Share This Article
Drisya TV | Malayalam News