ഇന്ത്യയുടെ 2022ലെ സൈബര്‍ സുരക്ഷാ ചട്ടം പ്രകാരമാണ് ഈ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിളും ആപ്പ് സ്റ്റോറില്‍ നിന്ന് ആപ്പിളും പിന്‍വലിച്ചത് എന്നാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.
നിരോധിത വെബ്‌സൈറ്റുകളിലേക്ക് അടക്കം പ്രവേശനം ഉപഭോക്താക്കള്‍ക്ക് അനായാസമാക്കിയിരുന്ന വിപിഎന്‍ ആപ്ലിക്കേഷനുകള്‍ പലതും പിന്‍വലിച്ചിരിക്കുകയാണ് ആപ്പിളും ഗൂഗിളും. അര ഡസന്‍ വിപിഎന്‍ ആപ്പുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇരു കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു എന്നാണ് ടെക്‌ക്രഞ്ചിന്‍റെ റിപ്പോര്‍ട്ട്. ക്ലൗഫ്ലെയറിന്‍റെ പ്രമുഖ 1.1.1.1 ആപ്പും ഹൈഡ്.മീയും പ്രിവഡോവിപിഎന്നും പിന്‍വലിക്കപ്പെട്ട വിപിഎന്‍ ആപ്ലിക്കേഷനുകളിലുണ്ട്. ഇന്ത്യയിലെ സൈബര്‍ സുരക്ഷാ നിയമങ്ങള്‍ പാലിക്കാന്‍ ഈ വിപിഎന്‍ പ്രൊവൈഡര്‍മാര്‍ തയ്യാറാവാത്തതാണ് ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ആപ്പുകള്‍ പിന്‍വലിക്കാന്‍ കാരണം.
2022ലെ സൈബര്‍ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം വിപിഎന്നുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. വിപിഎന്‍ സേവനദാതാക്കള്‍ ഉപഭോക്താക്കളുടെ പേരും വിലാസവും ഐപി അഡ്രസും അഞ്ച് വര്‍ഷത്തേക്ക് സൂക്ഷിക്കണമെന്ന് ഈ ചട്ടം നിര്‍ദേശിക്കുന്നുണ്ട്. 2022ല്‍ സൈബര്‍ സുരക്ഷാ ചട്ടങ്ങള്‍ പുറത്തിറക്കിയപ്പോള്‍ നോര്‍ഡ്‌വിപിഎന്‍, എക്‌സ്‌പ്രസ്‌വിപിഎന്‍, സര്‍ഫ്‌ഷാര്‍ക് തുടങ്ങിയ വിപിഎന്‍ കമ്പനികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്ത വിപിഎന്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ സ്ഥാനമുണ്ടാവില്ലെന്ന് അന്നേ കേന്ദ്രം വ്യക്തമാക്കിയിരുന്നു.