1950-കളിൽ ഇന്ത്യ പുറത്തിറക്കിയ 'ഹജ്ജ്'നോട്ട്'എന്ന സീരീസിൽപ്പെടുന്ന നൂറ് രൂപക്കാണ് 56 ലക്ഷം (56,49,650) രൂപ ലഭിച്ചത്. തീർത്ഥാടനത്തിനായി ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ തീർത്ഥാടകർക്ക് സൗകര്യമൊരുക്കുന്നതിനായി 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആർ.ബി.ഐ അവതരിപ്പിച്ചതാണ് ഇവ. സാധാരണ ഇന്ത്യൻ കറൻസി ഉപയോഗിച്ച് അനധികൃതമായി സ്വർണം വാങ്ങുന്നത് തടയുകയായിരുന്നു ഈ നോട്ടുകളുടെ പ്രധാന ലക്ഷ്യം.
'HA' സീരീസിലാണ് നോട്ടുകളുടെ നമ്പർ ആരംഭിച്ചിരുന്നത്. അന്നത്തെ കാലത്തെ ഇന്ത്യൻ നോട്ടുകൾക്ക് പൊതുവെ ഇല്ലാതിരുന്ന ഒരു പ്രത്യേക നിറമായിരുന്നു ഹജ്ജ് നോട്ടിന് നൽകിയിരുന്നത്. 1961-ൽ കുവൈത്ത് സ്വന്തം കറൻസി അവതരിപ്പിച്ചതിന് പിന്നാലെ മറ്റ് ഗൾഫ് രാജ്യങ്ങളും അവരുടെ കറൻസികൾ അവതരിപ്പിച്ചു. ഇതോടെ ഈ നോട്ടുകളുടെ ആവശ്യം ക്രമേണ കുറഞ്ഞു. 1970-കളോടെ ഹജ്ജ് നോട്ടുകൾ വിതരണം ചെയ്യുന്നത് പൂർണ്ണമായും നിർത്തലാക്കി.
ഇന്ത്യ പുറത്തിറക്കിയതാണെങ്കിലും ഇന്ത്യയിൽ ഇതുപയോഗിക്കാൻ അനുമതിയുണ്ടായിരുന്നില്ല. സൗദി അറേബ്യയിൽ മാത്രമാണ് ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നത്. ഇന്ന് ഈ നോട്ടുകൾ കണ്ടുകിട്ടാൻ പോലും പ്രയാസമായ സാഹചര്യത്തിലാണ് ഇതിന്റെ മൂല്യം വർധിക്കുന്നത്. നിലവിൽ കറൻസികൾ ശേഖരിക്കുന്നവരുടെ കൈയിൽ അപൂർവമായാണ് ഈ നോട്ട് കാണാൻ കഴിയുക.
ലണ്ടനിൽ നടന്ന മറ്റൊരു ലേലത്തിൽ രണ്ട് 10 രൂപാ നോട്ടുകൾക്ക് 6.90 ലക്ഷം രൂപ, 5.80 ലക്ഷം രൂപ എന്നിങ്ങനെ ലഭിച്ചിരുന്നു. നോട്ടുകളുടെ കാലപ്പഴക്കവും വിരളതയുമാണ് അവയുടെ മൂല്യം വർധിപ്പിക്കുന്നത്.