ഓർക അഥവ കൊലയാളി തിമിംഗില വിഭാഗത്തിൽ ഉൾപ്പെട്ട തലാക്വ (Tahlequah) എന്ന് പേരുകാരിയായ തിമിംഗിലമാണ് കുഞ്ഞിന്റെ മൃതദേഹവും വഹിച്ച് സിയാറ്റിൽ തീരത്തുകൂടി നീന്തുന്നത്. ഇത് തലാക്വ ജന്മം നൽകിയ നാലാമത്തെ കുഞ്ഞാണ്. മുൻപ് ജന്മം നൽകിയ മൂന്നുകുഞ്ഞുങ്ങളിൽ രണ്ട് ആൺതിമിംഗിലങ്ങളാണ് ജീവനോടെയുള്ളത്. 2018-ൽ ജനിച്ച പെൺതിമിംഗിലക്കുഞ്ഞും മരണത്തിന് കീഴടങ്ങിയിരുന്നു.വടക്കുകിഴക്കൻ പസഫിക് സമുദ്രത്തിൽ കാണപ്പെടുന്ന എൻഡേഞ്ചേഡ് വിഭാഗത്തിൽപ്പെട്ട സതേൺ റസിഡന്റ് ഓർക(സതേൺ റെസിഡന്റ് കില്ലർ വെയിൽസ്)യാണ് തലാക്വ.
പെൺ സതേൺ റസിഡന്റ് തിമിംഗിലങ്ങൾക്ക് അൻപതു മുതൽ അറുപതു കൊല്ലംവരെ ആയുർദൈർഘ്യമുള്ളപ്പോൾ, ആൺഓർക്കകൾക്ക് ശരാശരി ആയുസ്സ് മുപ്പതുവയസ്സാണ്. നവജാത ഓർക്കകളിൽ പകുതിയും ഒരുവയസ്സ് പൂർത്തിയാകുന്നതിന് മുൻപേ തന്നെ മരണത്തിന് കീഴടങ്ങാറുണ്ട്. തലാക്വയുടെ കുഞ്ഞ് മരിച്ചതിൻ്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.ജെ. 35 എന്ന പേരുകൂടിയുള്ള തലാക്വയ്ക്ക് 25 വയസ്സാണ് പ്രായം. ജെ. 61 എന്നായിരുന്നു തലാക്വയുടെ പുതിയപെൺകുഞ്ഞിന് പേര് നൽകിയിരുന്നത്. വംശനാശഭീഷണി നേരിടുന്നതുകൊണ്ടുതന്നെ ഇവയെ ഗവേഷകർ നിരീക്ഷിക്കുക പതിവാണ്. ഇക്കഴിഞ്ഞ ഇരുപതാം തീയതിയാണ് മരിച്ച കുഞ്ഞിനെയും വഹിച്ച് തലാക്വ നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നത്. യു.എസിലെ സെന്റർ ഫോർ വെയിൽ റിസർച്ചാണ് തലാക്വയുടെ യാത്രയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിട്ടുള്ളത്.
ഇത് ആദ്യമായല്ല, തലാക്വയ്ക്ക് തന്റെ കുഞ്ഞിനെ നഷ്ടമാകുന്നത്. ഏഴുകൊല്ലം മുൻപ് 2018-ൽ തന്റെ കുഞ്ഞിന് ജീവൻ നഷ്‌ടപ്പെട്ടപ്പോളും അതിന്റെ ജഡവുമായി തലാക്വ നീന്തിയിരുന്നു, സേലിഷ് സീയിലൂടെ. ഇത് വലിയ വാർത്തയാവുകയും ചെയ്തു. ഒന്നും രണ്ടുമല്ല, പതിനേഴു ദിവസമാണ് തലാക്വ അന്ന് ആ കുഞ്ഞിന്റെ മൃതദേഹവുമായി നീന്തിയത്.
വംശനാശഭീഷണി നേരിടുന്നവയായതിനാൽ ജെ 61-ന്റെ ജനനത്തെ പരിസ്ഥിതിപ്രേമികൾ ഏറെ പ്രതീക്ഷയോടെ ആയിരുന്നു കണ്ടത്. ആദ്യദിവസങ്ങളിലെ ബുദ്ധിമുട്ടുകളെ അതിജീവിച്ച് കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ തലാക്വയ്ക്ക് കഴിയുമെന്നും ഗവേഷകർ കരുതി. തലാക്വയ്ക്ക് ജനിച്ച പെൺകുഞ്ഞ്, ഭാവിയിൽ വംശവർധനയ്ക്ക് സഹായകമാകുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചിരുന്നു. എന്നാൽ ഡിസംബർ അവസാന ആഴ്‌ചയിലൊരു ദിവസം ഏറെ ദുഃഖകരമായ ഒരു ദൃശ്യം, നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്പെറിക് അഡ്മിനിസ്ട്രേഷൻ (എൻ.ഒ.എ.എ.)ന്റെ ഗവേഷകരുടെ കണ്ണിൽ പതിഞ്ഞു.തലാക്വ അവളുടെ കുഞ്ഞിൻ്റെ മൃതദേഹം തലയിൽവഹിച്ച് നീന്തുന്നു. കുഞ്ഞിന്റെ മൃതദേഹം മുങ്ങിപ്പോകുമ്പോൾ, തലാക്വ ഒന്ന് മുങ്ങിനിവരും. കുഞ്ഞിന്റെ മൃതദേഹവുമായി വീണ്ടും ഉയർന്നുവരും.തലാക്വയുടെ ഈ പെരുമാറ്റം ദുഃഖപ്രകടനമാണെന്നാണ് വിദഗ്‌ധർ വിലയിരുത്തുന്നത്.
ഡിസംബർ 23-ാം തീയതി വരെ ജെ-61-ന് ജീവനുണ്ടായിരുന്നു എന്നാണ് സൂചന. തുടർന്ന് ഡിസംബർ 31-ന് ഗവേഷകർത്തൈ വീണ്ടും നിരീക്ഷണം ആരംഭിച്ചപ്പോൾ ജെ-61 അവരുടെ കണ്ണിൽ ആദ്യംപെട്ടിരുന്നില്ല. അതേസമയം, തലാക്വ എന്തോ തള്ളിനീക്കുന്നതായിന്റ് ശ്രദ്ധയിൽപ്പെട്ടു. പിന്നീടാണ് അത് ജെ 61 ആയിരുന്നുവെന്ന കാര്യം ഗവേഷകർക്ക് മനസ്സിലാകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.