ഏറ്റവും കനത്ത മഞ്ഞുവീഴ്ചക്കും ഏറ്റവും കുറഞ്ഞ താപനിലക്കും ഇടയിൽ ദശാബ്ദത്തിനിടയിലെ വലിയ ശീതകാല കൊടുങ്കാറ്റിനെ നേരിട്ട് ദശലക്ഷക്കണക്കിന് അമേരിക്കക്കാർ. കെന്റക്കി, വിർജീനിയ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്.യു.എസിന്റെ മധ്യഭാഗത്ത് ആരംഭിച്ച കൊടുങ്കാറ്റ് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കിഴക്കോട്ട് നീങ്ങുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പെതുവെ കഠിനമായ തണുപ്പ് ശീലമില്ലാത്ത മിസിസിപ്പി, ഫ്ലോറിഡ എന്നിവയുൾപ്പെടെയുള്ള യു.എസിൻ്റെ ചില ഭാഗങ്ങളിലും കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത് 2011 ന് ശേഷമുള്ള യു.എസിലെ ഏറ്റവും തണുപ്പുള്ള ജനുവരിയിലേക്ക് നയിച്ചേക്കാമെന്ന് അക്യുവെതർ പ്രവചകൻ ഡാൻ ഡിപോഡ്വിൻ പറഞ്ഞു.ചരിത്രത്തിലെ ശരാശരിയേക്കാൾ വളരെ താഴെയുള്ള താപനില ഒരാഴ്ചത്തേക്ക് നീണ്ടുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈകുന്നേരത്തോടെ കൊടുങ്കാറ്റ് എത്തുമെന്ന് പ്രതീക്ഷിക്കുന്ന കിഴക്കൻ തീരത്തും താഴ്ന്ന താപനില ഉണ്ടാകും. ഇത് ഒരു ദുരന്തമായിരിക്കുമെന്നും ഇത് ഞങ്ങൾ കുറച്ചുകാലമായി കാണാത്ത കാര്യമാണെന്നും സ്വകാര്യ കാലാവസ്ഥാ നിരീക്ഷകൻ റയാൻ മൗ പറഞ്ഞു.
കൊടുങ്കാറ്റ് യാത്രയെ അങ്ങേയറ്റം അപകടകരമാക്കുമെന്നും വാഹനമോടിക്കുന്നവർ കുടുങ്ങിപ്പോകാനുള്ള ഉയർന്ന അപകടസാധ്യതയുണ്ടെന്നും നാഷണൽ വെതർ സർവിസ് അധികൃതർ മുന്നറിയിപ്പ് നൽകി.