Drisya TV | Malayalam News

30,000 അടി ഉയരത്തിൽ പറക്കാനും 400 കിലോയോളം പേലോഡുകൾ വഹിക്കാനും കഴിവുള്ള ആർച്ചർ ഡ്രോൺ ആദ്യപരീക്ഷണ പറക്കലിന് ഒരുങ്ങുന്നു

 Web Desk    4 Jan 2025

ശത്രുതാവളങ്ങൾ ആക്രമിക്കാനും രഹസ്യനിരീക്ഷണം നടത്താനും, ആക്രമണമണ ലക്ഷ്യങ്ങൾ കണ്ടെത്താനുമുപയോഗിക്കാവുന്ന ആർച്ചർ ഡ്രോൺ അതിന്റെ ആദ്യപരീക്ഷണ പറക്കലിന് ഒരുങ്ങുകയാണ്. മീഡിയം ആൾട്ടിട്ട്യൂഡ് ലോങ് എൻഡ്യുറൻസ് ( MALE) അൺമാൻഡ് ഏരിയൽ വെഹിക്കിൾ ( UAV) വിഭാഗത്തിൽ വരുന്ന ഡ്രോണാണ് ആർച്ചർ.ഇതിന്റെ ടാക്സി ട്രയലുകൾ വിജയകമായി പൂർത്തിയാക്കിയിരുന്നു.ആർച്ചറിന്റെ എയർഫ്രെയിമിന്റെ കരുത്തും പ്രൊപ്പൽഷൻ സംവിധാനത്തിന്റെ കാര്യക്ഷമതയുമൊക്കെ ടാക്സി ട്രയലുകളിൽ പരീക്ഷിച്ചിരുന്നു. ഇതിനൊപ്പം പേലോഡ് വഹിക്കാനുള്ള ശേഷിയും വിലയിരുത്തി. ഇതിലെ വിവരങ്ങൾ അനുസരിച്ചാണ് പരീക്ഷണ പറക്കൽ നടത്താൻ തീരുമാനിച്ചത്. ഫെബ്രുവരിയിൽ ആർച്ചർ ആദ്യമായി ആകാശംതൊടുമെന്നാണ് കരുതുന്നത്.

നേരത്തെ റസ്റ്റം-2 എന്ന് വിളിച്ചിരുന്ന പദ്ധതിയാണ് പിന്നീട് ആർച്ചർ ആയി മാറിയത്. 1.8 ടൺ ഭാരമുള്ള ആർച്ചറിന് 400 കിലോയോളം പേലോഡുകൾ വഹിക്കാനാകും.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള തരത്തിലാണ് ആർച്ചറിനെ വികസിപ്പിക്കുന്നത്. 30,000 അടി ഉയരത്തിൽ 24 മണിക്കൂറോളം തുടർച്ചയായി പറക്കാൻ സാധിക്കുന്ന ഡ്രോണാകും ആർച്ചർ. തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈലുകൾ, സ്മാർട്ട് ആന്റി എയർഫീൽഡ് ആയുധങ്ങൾ എന്നിവ വഹിക്കും. 250 കിലോമീറ്റർ ദൂരത്തിലേക്ക് ഭൂമിയിലിരുന്ന നിയന്ത്രിക്കാൻ സാധിക്കും. 1000 കിലോമീറ്റർ ദൂരത്തേക്ക് വരെ പറന്ന് ചെല്ലാൻ ആർച്ചറിന് സാധിക്കും. സ്വയം നിയന്ത്രിക്കാനും എതിരെവരുന്ന വിമാനങ്ങളും ഡ്രോണുകളും ശത്രുവാണോയെന്ന് തിരിച്ചറിയാനും ഇതിന് സാധിക്കും.

ആർച്ചറിന്റെ രണ്ട് വകഭേദങ്ങളാണ് പരീക്ഷിക്കാനൊരുങ്ങുന്നത്. ആർച്ചർ നെക്സ്റ്റ് ജനറേഷനും ആർച്ചർ ഷോർട്ട് റേഞ്ച് ഡ്രോണും. രണ്ടിന്റെയും ഉദ്ദേശലക്ഷ്യങ്ങൾ ഒന്നാണെങ്കിലും ദൂരപരിധിയിൽ വ്യത്യാസങ്ങളുണ്ട്. ആർച്ചർ ഷോർട്ട് റേഞ്ചിന് 22,000 അടി ഉയരത്തിൽ വരെമാത്രമേ പറന്നുയരാനാകു. 12 മണിക്കൂർ ആണ് ഇതിന്റെ എൻഡ്യുറൻസ്. അതായത് അത്രയും സമയം മാത്രമേ ഇതിനെ തുടർച്ചയായി ഉപയോഗിക്കാനാകു. ആർച്ചർ നെക്സ്റ്റ് ജനറേഷനെ 30,000 അടി ഉയരത്തിൽ പറത്തി 18 മുതൽ 24 മണിക്കൂർ വരെ തുടർച്ചയായി ഉപയോഗിക്കാനാകും.വിവരശേഖരണം, ആക്രമണം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ആർച്ചറിനെ ഉപയോഗിക്കാം. ഡിആർഡിഒയുടെ നേതൃത്വത്തിലാണ് ആർച്ചറിന്റെ വികസനം നടക്കുന്നത്.

  • Share This Article
Drisya TV | Malayalam News