Drisya TV | Malayalam News

സ്വകാര്യഭൂമിയില്‍ മൊബൈല്‍ ടവര്‍ വയ്ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് അനുമതി, ജനുവരി ഒന്നിന് പ്രാബല്യത്തില്‍

 Web Desk    1 Jan 2025

സ്വകാര്യഭൂമിയില്‍ മൊബൈല്‍ ടവര്‍ വയ്ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് അനുമതി നല്‍കാനുള്ള ചട്ടം ഭേദഗതി നാളെ സംസ്ഥാനത്ത് നടപ്പാകും. ഉടമ എതിര്‍ത്താലും പൊതുതാല്‍പര്യത്തിന് അനിവാര്യമെന്ന് കലക്ടര്‍ തീരുമാനിച്ചാല്‍ പ്രതിഷേധം വിലപ്പോവില്ല. ഇതിനായി കമ്പനികള്‍ നല്‍കുന്ന അപേക്ഷയില്‍ കലക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാം.ഇതനുസരിച്ച് പൊതു, സ്വകാര്യ ഭൂമികളില്‍ മൊബൈല്‍ ടവറുകള്‍, തൂണുകള്‍, കേബിളുകള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് അനുമതി ലഭിക്കും. ഇതിന് കമ്പനികള്‍ ആദ്യം ഭൂവുടമയെ സമീപിക്കണം. ഭൂവുടമ സമ്മതിച്ചില്ലെങ്കില്‍ കമ്പനിക്ക് ജില്ലാകലക്ടറെ സമീപിക്കാം. പൊതുതാല്‍പര്യമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കലക്ടര്‍ അനുമതി നല്‍കും.

ഫൈവ് ജി നെറ്റ്‍വര്‍ക്കിന്‍റെ വ്യാപനം വേഗത്തിലാക്കാന്‍ കൂടി ഉദ്ദേശിച്ചാണ് പുതിയ ചട്ടങ്ങള്‍ നടപ്പാക്കുന്നത്. റിലയന്‍സ് ജിയോ, എയര്‍ടെല്‍ തുടങ്ങിയ വന്‍കിടകമ്പനികള്‍ ഫൈവ് ജി നെറ്റ്‍വര്‍ക്ക് വിപുലപ്പെടുത്താനുള്ള തീവ്രപരിശ്രമം നടത്തുന്നതിനിടെയാണ് അവര്‍ക്ക് അനുകൂലമായ ചട്ടം ഭേദഗതി പ്രാബല്യത്തില്‍ വരുന്നത്. മൊബൈല്‍ ടവറോ തൂണുകളോ കേബിള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോ സ്ഥാപിക്കാന്‍ ഭൂവുടമ അനുവദിക്കുന്നില്ലെങ്കില്‍ കമ്പനിക്ക് രേഖകള്‍ സഹിതം റൈറ്റ് ഓഫ് വേ പോര്‍ട്ടല്‍ വഴി സര്‍ക്കാരിനെ സമീപിക്കാം. കലക്ടര്‍മാര്‍ ഭൂവുടമയ്ക്ക് നോട്ടിസ് നല്‍കും. ഭൂവുടമ 15 ദിവസത്തിനകം നോട്ടിസിന് മറുപടി നല്‍കണം. ഇത് വിലയിരുത്തി പരമാവധി 60 ദിവസത്തിനകം കലക്ടര്‍ അന്തിമ തീരുമാനമെടുക്കും.

  • Share This Article
Drisya TV | Malayalam News