Drisya TV | Malayalam News

ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ഫീച്ചറുമായി വാട്സ്ആപ്പ് 

 Web Desk    30 Dec 2024

വാട്‌സ്ആപ്പ് വെബിലാണ് പുതിയ ഫീച്ചർ ആരംഭിച്ചിരിക്കുന്നത്. വാട്‌സ്ആപ്പിൽ എത്തുന്ന ചിത്രങ്ങൾ നേരിട്ട് ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ചിന് ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചറാണ് പുതിയതായി തുടങ്ങുന്നത്.വാട്‌സ്ആപ്പിൽ എത്തുന്ന ഇമേജ് ഗൂഗിൾ റിവേഴ്‌സ് സെർച്ചിലൂടെ ചിത്രത്തിന്റെ സോഴ്‌സും ആധികാരികതയും ഉറപ്പിക്കുന്നതിനൊപ്പം ചിത്രം എഡിറ്റ് ചെയ്തതാണോ കൃത്രിമം കാണിച്ചതാണോ എന്നൊക്കെ ബുദ്ധിമുട്ട് ഇല്ലാതെ തന്നെ ഉപഭോക്താക്കൾക്ക് കണ്ടെത്താൻ സാധിക്കും.വാട്ട്സ്ആപ്പ് വെബ് ബീറ്റ വേർഷനാണ് പുതിയ അപ്‌ഡേറ്റ് നൽകിയിരിക്കുന്നതെന്ന് വാട്ട്സ്ആപ്പ് ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ WABetaInfo റിപ്പോർട്ട് ചെയ്തു.

നിലവിൽ വാട്‌സ്ആപ്പിൽ എത്തിയ ഒരു ഇമേജ് ഡൗൺലോഡ് ചെയ്ത് പിന്നീട് ഗൂഗിളിലേക്ക് റിവേഴ്‌സ് സെർച്ചിന് അപ്‌ലോഡ് ചെയ്യേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ ആപ്പിൽ നിന്ന് തന്നെ നേരിട്ട് ഗൂഗിളിലേക്ക് അപലോഡ് ചെയ്യാനും പരിശോധിക്കാനും സാധിക്കും.

അതേസമയം സെർച്ച് ചെയ്യുന്ന ചിത്രത്തിലേക്ക് വാട്‌സ്ആപ്പിന് നേരിട്ട് ആക്‌സസ് ഉണ്ടായിരിക്കില്ല. ഉപയോക്താക്കൾക്ക് ഈ റിവേഴ്‌സ് സെർച്ച് വിശദീകരിക്കുന്ന അലേർട്ട് കാണിക്കുകയും സെർച്ച് ആരംഭിക്കുന്നതിന് മുമ്പ് അവരുടെ സമ്മതം ചോദിക്കുകയും ചെയ്യും. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ സുതാര്യത നൽകും.

വാട്‌സ്ആപ്പ് വഴിയുള്ള വ്യാജവാർത്തകളുടെയും വ്യാജവിവരങ്ങളുടെയും വ്യാപനം തടയുന്നതിനായിട്ടാണ് മെറ്റ കമ്പനി പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുന്നത്. നിലവിൽ വാട്‌സ്ആപ്പ് വെബിന് മാത്രമുള്ള സേവനം ഭാവിയിൽ മൊബൈൽ ആപ്പിലേക്കും എത്താനുള്ള സാധ്യതകൾ ഉണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

  • Share This Article
Drisya TV | Malayalam News