Drisya TV | Malayalam News

യൂറിക് ആസിഡ് കൂടുന്നുണ്ടോ? കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍...

 Web Desk    5 May 2023

മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. അതായത് ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. ഇത്തരത്തില്‍ യൂറിക് ആസിഡ് കൂടിയാൽ കാത്തിരിക്കുന്നത് പലവിധ രോഗങ്ങളാണ്.

യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ  അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാറുണ്ട്. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. ശരീരത്തിൽ അധികമായ യൂറിക് ആസിഡ്,  ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലം കഠിനമായ വേദന അനുഭവപ്പെടും. നീർക്കെട്ടും വിരൽ അനക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകാം. പെരുവിരലിൽ നിന്ന് ഉപ്പൂറ്റി, കൈത്തണ്ട, വിരലുകൾ എന്നിവയിലേക്കും വ്യാപിക്കാം. ഇതാണ് ഗൗട്ട്. യൂറിക് ആസിഡ് വളരെ കൂടുതലായാൽ വൃക്കയിൽ കല്ല്, വൃക്കസ്തംഭനം എന്നീ പ്രശ്നങ്ങളും ഉണ്ടാകാം.

യൂറിക് ആസിഡ് പ്രശ്നങ്ങളുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...

റെഡ് മീറ്റ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, വിവിധയിനം യീസ്റ്റ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ബ്രഡ്, ബിയര്‍, മദ്യം, കേക്ക്, കോള, ടിന്നില്‍ വരുന്ന ജ്യൂസ്, തേന്‍ എന്നിവ അധികം ഭക്ഷിക്കാത്തിരിക്കാന്‍ ശ്രദ്ധിക്കുക. 

യൂറിക് ആസിഡിന്‍റെ പ്രശ്‌നങ്ങളുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍...

ഒന്ന്...

ആപ്പിളാണ് ഈ പട്ടികയിലെ ഒന്നാമന്‍. ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിള്‍ യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ആപ്പിള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും നല്ലതാണ്.   

രണ്ട്...

നേന്ത്രപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  അധികമായ യൂറിക് ആസിഡ് മൂലം ഗൗട്ട് പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ഡയറ്റില്‍ ഉറപ്പായും നേന്ത്രപ്പഴം ഉള്‍പ്പെടുത്തണം. 

മൂന്ന്...

ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നതും യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

നാല്...

കോഫി കുടിക്കുന്നത്  ഗൗട്ട്  പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് നല്ലതാണെന്നാണ് 'ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനി'ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. 

അഞ്ച്...

ഓറഞ്ച്, നാരങ്ങ തുടങ്ങിയ 'സിട്രസ്' വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഴങ്ങളും യൂറിക് ആസിഡ് ശമിപ്പിക്കാന്‍ സഹായിക്കുന്നു.

ആറ്... 

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് യൂറിക് ആസിഡ് രക്തത്തിലേക്ക് ആഗീരണം ചെയ്യപ്പെടാനും ഇത് വഴി ശരീരത്തില്‍ നിന്ന് അവ പുറന്തള്ളാനും സഹായിക്കും. 

ഏഴ്...

ചെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇത് ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രണത്തില്‍ സഹായകമാണ്. 

എട്ട്...

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍‌ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അതിനാല്‍ സാല്‍മണ്‍ ഫിഷ് പോലെയുള്ളവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ഒമ്പത്...

ഒലീവ് ഓയിലാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ളതാണ് ഒലീവ് എണ്ണ. ഇത് ഉയര്‍ന്ന തോതിലുള്ള യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കും.  

  • Share This Article
Drisya TV | Malayalam News